തൃശൂർ; സംസ്ഥാനത്തെ ;പൊതുവിപണിയില്‍നിന്ന് ശേഖരിച്ച മുന്തിരി, പച്ചമുളക്, കോളിഫ്ളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനിയുടെ അംശം. കാര്‍ഷിക സര്‍വകലാശാലാ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് നിരോധിച്ച പ്രൊഫെനോഫോസ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. മുന്തിരിയില്‍ നിരോധിച്ചതടക്കം എട്ടിനം കീടനാശിനി കണ്ടെത്തി. ഇതില്‍ ഒരു കീടനാശിനി മാത്രമാണ് പ്രയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. ആപ്പിളിലും തണ്ണിമത്തനിലും കീടനാശിനി സാന്നിധ്യമുണ്ട്. പച്ചമുളകില്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത അഞ്ച് കീടനാശിനി പ്രയോഗിച്ചിട്ടുണ്ടെന്നും വ്യക്തമായി. ജൈവപച്ചക്കറിയെന്ന പേരില്‍ വില്ക്കുന്നതില് പലതും ‘വിഷം’ കലര്‍ന്ന വ്യാജനാണെന്ന് കണ്ടെത്തി.
വെണ്ട, തക്കാളി, കാപ്സിക്കം, വെള്ളരി, പടവലം, പയര്‍ എന്നിവയില്‍ പ്രയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനിയുണ്ട്. ജൈവം എന്ന ലേബല്‍ ഒട്ടിച്ച് വന്‍ വിലയ്ക്ക് വില്‍ക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമല്ലെന്നത് ഗൗരവത്തില്‍ എടുക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
പൊതുവിപണിയിലെ ചുവപ്പ് ചീര, ബീന്‍സ്, വെണ്ട, പാവല്‍, വഴുതന, കത്തിരി, കാബേജ്, കാപ്സിക്കം, കോളിഫ്ളവര്‍, സാമ്ബാര്‍മുളക്, അമരയ്ക്ക, കറിവേപ്പില, മുരിങ്ങക്ക, പച്ചമുളക്, കോവയ്ക്ക, വെള്ളരി, പുതിന ഇല, സലാഡ് വെള്ളരി, പടവലം, തക്കാളി, പയര്‍, ആപ്പിള്‍, പച്ചമുന്തിരി, തണ്ണിമത്തന്, ജീരകം, പെരുംജീരകം എന്നിവയില്‍ കീടനാശിനിയുണ്ട്. 90 ശതമാനം കീടനാശിനികളും ശുപാര്‍ശ ചെയ്യാത്തതാണ്.
കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളിലാണ് ഏറ്റവും കുറവ് കീടനാശിനി. കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ച 21 ഇനം പച്ചക്കറികളില്‍ 14.39 ശതമാനത്തില്‍ മാത്രമെ കീടനാശിനിയുള്ളൂ. പൊതു വിപണിയെ അപേക്ഷിച്ച് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമാണ്. 2019 ജനുവരി മുതല്‍ ജൂണ്‍ വരെ സേഫ് ടു ഈറ്റ് പദ്ധതിപ്രകാരം പരിശോധന നടത്തിയ 729 ഭക്ഷ്യവസ്തുക്കളില്‍ 128 എണ്ണത്തിലാണ് കീടനാശിനി കണ്ടെത്തിയത്. വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധന ലബോ റട്ടറിയിലായിരുന്നു പരിശോധന.