ഇത് തീവെട്ടിക്കൊള്ള;നാട്ടിലേക്കുള്ള യാത്രയ്ക്ക് പുതിയ നിബന്ധനകള്‍; ചെലവ് താങ്ങാനാവാതെ യാത്ര ഉപേക്ഷിച്ച് പ്രവാസികള്‍
ദുബൈ: ഇന്ത്യയിലേക്കു പോകുന്നവർ നിർബന്ധമായും 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് മാത്രം നല്‍കേണ്ടിവരുന്നത്.
150 ദിർഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി 600 ദിർഹം (പന്ത്രണ്ടായിരം രൂപയോളം) ആണ് ചെലവ്. നാട്ടിലെത്തിയാല്‍ വിമാനതാവളത്തിലും സ്വന്തം ചെലവിൽ പിസിആർ പരിശോധന നടത്തണം. ഒരാൾക്ക് 1500 രൂപ വച്ച് ആറായിരം രൂപ ചെലവാകും.
മരണം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവരെ പരിശോധനാ ഫലം ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എയർസുവിധ ആപ്പിൽ വിവരം അപ് ലോഡ് ചെയ്യണം. അതിനു ശേഷം അനുമതി ലഭിച്ചെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂ. ഇങ്ങനെ അനിശ്ചിതത്വവും പണച്ചെലവും കാരണം യാത്ര ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് സാധാരണക്കാരായ പ്രവാസികള്‍
രണ്ടു തവണ വാക്സിനേഷൻ എടുത്ത് ഡോസ് പൂർത്തിയാക്കി നാട്ടിലെത്തുന്നവരെ ക്വാറന്റീൻ നിന്ന് ഒഴിവാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല. യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളങ്ങളിലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം.
കൊവിഡ് ചട്ടങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകളാണ് സ്വീകരിക്കേണ്ടതെങ്കിലും ഇതുവരെ സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞദിവസം നോർക്ക അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും തമ്മിൽ ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല