ന്യൂഡല്‍ഹി : പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ അത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കും. പെട്രോളിയം, ഗ്യാസ് മേഖലകള്‍ക്ക് ഇത് കൂടുതല്‍ ഉണര്‍വ് നല്‍കാനും സഹായകമാകും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് രാജ്യത്ത് പെട്രോള്‍ വില ഉയരാന്‍ കാരണമെന്നും അത് ഉടന്‍ തന്നെ കുറയുമെന്നും ധര്‍മ്മേന്ദ്ര പ്രധാന് വ്യക്തമാക്കി.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധന വില കുറയ്ക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി വിശദമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ജിഎസ്ടി നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്. ഇതിനായി പാര്‍ലമെന്റില്‍ ഇനി പുതിയ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു.