അത് വരുണിന്റെ ബോഡി അല്ലെ, സൂപ്പര്‍ ട്വിസ്റ്റിൽ ജോര്‍ജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക ആരാണെന്ന് അറിയുമോ ?
കൊച്ചി: പ്രതിക്കൂട്ടില്‍ നില്ക്കുന്ന ജോര്‍ജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ സിനിമ ദൃശ്യം രണ്ടിലെ സൂപ്പര്‍ ട്വിസ്റ്റുകളിലൊന്നാണ്.ആ ഷോട്ടിനെ ഒറ്റ ടേക്കില്‍ മനോഹരമാക്കിയത് അഡ്വ. ശാന്തി മായാദേവിയാണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും തിരക്കേറിയ അഭിഭാഷകയാണ് ശാന്തി.ഹൈക്കോടതിയിലെ അഭിഭാഷകയാണ് ഈ തിരുവനന്തപുരം സ്വദേശി. ക്ലൈമാക്സിലെ ആ സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ പ്രതികരണം ഒറ്റ വാക്കിലായിരുന്നു, നന്നായി.അത് വലിയ അംഗീകാരമായിരുന്നുവെന്ന് ശാന്തി പറഞ്ഞു. ജോര്‍ജ്കുട്ടിയുടെ വക്കീലായി എത്തി മിന്നിച്ച അഡ്വ. രേണുക എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്.
തിരുവനന്തപുരം നെടുമങ്ങാട്ടെ അഭിഭാഷക കുടുംബത്തില്‍നിന്നുള്ള ശാന്തി പഠനകാലത്ത് സ്വകാര്യ ചാനലില്‍ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു.അച്ഛന്റെ മൂത്ത സഹോദരന് നെടുമങ്ങാട് കെ. സതീശ് കുമാറിന്റെ പാത പിന്തുടര്ന്ന് അഭിഭാഷക കുപ്പായം അണിഞ്ഞതോടെ ചാനല്‍ അവതാരക വേഷം അഴിച്ചുവെച്ചു. വഞ്ചിയൂര്‍ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്.ബാങ്ക് ഉദ്യോഗസ്ഥനായ ഷിജു രാജശേഖറിനെ 2014-ല്‍ വിവാഹം കഴിച്ച് എറണാകുളത്തേക്കെത്തിയതോടെ പ്രാക്ടീസ് ഹൈക്കോടതിയിലായി. സ്വന്തമായി ഇവിടെ പ്രാക്ടീസ് തുടങ്ങുകയായിരുന്നു.ചാനല്‍ അവതാരകയായിരുന്ന കാലത്ത് രമേഷ് പിഷാരടിയുമായും ഹരി പി. നായരുമായി ഉണ്ടായ പരിചയമാണ് ഗാനഗന്ധര്‍വനില്‍ വേഷം നേടിക്കൊടുത്തത്.
മമ്മൂട്ടി കഥാപാത്രം ഉല്ലാസിന്റെ അഭിഭാഷകയായാണു സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ജീത്തു ജോസഫിന്റെ റാം എന്ന സിനിമയില്‍ ചെറിയ വേഷം ലഭിച്ചു. വക്കീലാണു ശാന്തിയെന്നു മനസിലാക്കിയ ജീത്തു ജോസഫ് ജോര്‍ജുകുട്ടിയുടെ വക്കാലത്തും വിശ്വസിച്ച് ഏല്‍പ്പിക്കുകയായിരുന്നു.ഹൈക്കോടതിയില്‍ ഹാജരാകുന്നതിനെക്കാള്‍ ടെന്‍ഷനായിരുന്നു സിനിമയില്‍ വാദിച്ചപ്പോഴെന്ന് അവര്‍ പറയുന്നു.അഭിഭാഷക എന്ന പ്രൊഫഷനൊപ്പം ഇഷ്ട കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയവും തുടരുമെന്നു ശാന്തി പറഞ്ഞു.
എളമക്കര മേഴ്സി ഗാര്‍ഡനിലാണ് താമസം. നാലര വയസുകാരി ആരാധ്യ റെഷിക പൗര്‍ണമിയാണ് മകള്‍.