ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ 838 പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്ന് ‘ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട്. 75 ശതമാനത്തിൽ അധികം വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന 359 പോളിങ് ബൂത്തുകൾ കേരളത്തിൽ ഉണ്ടെന്നും കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കമ്മീഷന്റെ സമ്പൂർണ യോഗം ഇന്ന് ഡൽഹിയിൽ ചേരും
കള്ളവോട്ടുകൾ, സമ്മർദ്ദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്ന 838 പ്രശ്ന ബാധിത ബൂത്തുകൾ കേരളത്തിൽ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെ അനുഭവം കണക്കിലെടുത്തതാണ് അതീവ പ്രശ്ന ബാധിത ബൂത്തുകളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. കള്ള വോട്ട് ഉൾപ്പടെ തടയുന്നതിന് ആയി വെബ്കാസ്റ്റിംഗ് ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങൾ ഈ ബൂത്തുകളിൽ ഏർപ്പെടുത്തും. കേന്ദ്ര സേന വ്യന്യാസവും ഉണ്ടാകും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിന് പുറമെ ഒരു സ്ഥാനാർത്ഥിക്ക് തന്നെ പോൾ ചെയ്യുന്ന വോട്ടുകളുടെ ഭൂരിഭാഗം വോട്ടുകളും ലഭിക്കുന്ന 359 പോളിങ് ബൂത്തുകളിലും ഇത്തവണ കർശന നിരീക്ഷണം ഏർപ്പെടുത്തും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ബൂത്തുകൾ ഉള്ളത്. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് പ്രാഥമിക റിപ്പോർട്ട് ആണെന്നും, ഭാവിയിൽ പ്രശ്ന ബാധിത ബൂത്തുകളുടെ എണ്ണം കൂടിയേക്കാം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചേരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ ഒന്നിൽ അധികം ഘട്ടങ്ങളിൽ ആയി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചന.ഏപ്രിലിൽ വിവിധ ഘട്ടങ്ങൾ ആയി തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് സൂചന.