ബാംഗ്ളൂർ : സ്വകാര്യ സർവകലാശാല മുൻ വൈസ് ചാൻസലറുടെ കൊലപാതകത്തിനു പിന്നിൽ ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം.
അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അയ്യപ്പ ദൊരെയെ ഒരു കോടി രൂപ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് ചാൻസലറും ഓഫിസ് എക്സിക്യൂട്ടീവും. ബെംഗളൂരുവിൽ ഡോ. അയ്യപ്പ ദൊരെയെ (53) നഗരത്തിലെ ഗ്രൗണ്ടിൽ ബുധനാഴ്ച പുലർച്ചെ 17 വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചാൻസലർ സുധീർ അങ്കൂറും ഓഫിസ് എക്സിക്യൂട്ടീവ് സൂരജ് സിങ്ങും അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘാംഗങ്ങൾക്കായി തിരച്ചിൽ തുടരുന്നു. സർവകലാശാലയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സഹോദരൻ മധുകർ അങ്കൂറുമായി ചാൻസലർ സുധീർ തർക്കത്തിലായിരുന്നു. ഇവർ തമ്മിൽ 25 സിവിൽ കേസുകൾ നിലവിലുണ്ട്.
തർക്കത്തിൽ ഈയിടെ മധുകറിന് അനുകൂലമായി വിധി വന്നു. ഇതെ തുടർന്നാണ് അദ്ദേഹത്തെയും അടുത്ത സുഹൃത്ത് അയ്യപ്പ ദൊരെയെയുംകൊലപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയത്. നാലു മാസം മുൻപാണ് സൂരജ് സിങ്ങിനെ സർവകലാശാലയിൽ ഓഫിസ് എക്സിക്യൂട്ടീവായി സുധീർ നിയമിച്ചത്.
സുധീറിന്റെ നിർദേശ പ്രകാരം ക്രിമിനൽ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷൻ ഏൽപിക്കുകയായിരുന്നു ഇതിന് .നഗരത്തിലെ ഒരു ക്രിമിനൽ അഭിഭാഷകനിൽ നിന്ന് നിയമോപദേശവും തേടി. യുജിസി അംഗീകാരത്തോടെ, സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് സ്വകാര്യ സർവകലാശാലകൾ.വിദ്യാഭ്യാസ രംഗം സ്വകാര്യവൽക്കരിച്ചതിന്റെ ദുരന്തമായാണ് വൈസ്ചാൻസലറുടെ കൊലപാതകത്തെ പൊതുസമൂഹം വിലയിരുത്തുന്നത്.