ശബ്ദ മലിനീകരണം; കേള്‍വി തകരാറുകള്‍ വര്‍ധിക്കുന്നു
ജില്ലയില്‍ ബോധവല്‍ക്കരണം നടത്തും
നിശ്ചിത പരിധിക്കപ്പുറമുള്ള ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് മൂലം ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കേള്‍വിതകരാറുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍ഐഎസ്എസ്) ചെയര്മാന് ഡോ. സി ജോണ്‍ പണിക്കരുമായി ചര്‍ച്ച നടത്തി. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണം നടക്കുന്ന ഇന്ത്യയില്‍ ദൗര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ ഇതിനെ കുറിച്ച് ബോധവാന്മാരല്ലെന്ന് ഡോ. സി ജോണ്‍ പണിക്കര്‍ പറഞ്ഞു. വ്യാവസായിക മേഖലകളില്‍ തന്നെ അനുവദനീയമായ ശബ്ദ പരിധി 75 ഡെസിബെല്‍ ആണെന്നിരിക്കെ 115 ഡെസിബെലിന് മുകളിലുള്ള ഹോണുകളാണ് നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. സാധാരണ സംസാരത്തിനിടയില്‍ 45 മുതല്‍ 50 ഡെസിബെല്‍ വരെയാണ്. മണിക്കൂറുകളോളം 75 ഡെസിബെലിന് കൂടുതലുള്ള ശബ്ദം കേട്ടിരിക്കുന്നത് അപകടകരമാണ്. പരിധിക്കപ്പുറമുള്ള ശബ്ദം കേള്‍ക്കുന്നത് ശരീരത്തില്‍ സ്ട്രെസ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും രക്ത സമ്മര്‍ദ്ദം, അസിഡിറ്റി, ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ക്രമേണ ഹൃദയ രോഗങ്ങള്‍, സ്ട്രോക്ക് തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യും. ദിവസേന പൊതുസ്ഥലങ്ങളില്‍ നിന്നും ലൗഡ് സ്പീക്കറും മറ്റും വഴി വ്യാപകമായ ശബ്ദമലിനീകരണമാണ് നടക്കുന്നതെന്നും ഇത് കുട്ടികളടക്കം സമൂഹത്തിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബ്ദ മലിനീകരണത്തിനെതിരേ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ വ്യാപകമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാംപുകളും നടത്തും. ചര്‍ച്ചയില്‍ ഇന്ത്യന്‍ പീഡിയാട്രിക് അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി പദ്മനാഭന്, എന്‍ഐഎസ്എസ് ഗവേഷക വിഭാഗം സെക്രട്ടറി ഡോ. വിജയനാഥ് എന്നിവരും പങ്കെടുത്തു.
ഇയര്‍ഫോണ്‍ ഉപയോഗം അപകടകരം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമാണെന്ന് ഡോ. സി ജോണ്‍ പണിക്കര്‍ പറയുന്നു. ഇയര്‍ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുന്നതും മ്യൂസിക്ക് ആസ്വദിക്കുന്നതും സമീപ ഭാവിയില്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കും. 75 ഡെസിബെല്‍ വരെ ഇയര്‍ ഫോണില്‍ കുറഞ്ഞ സമയത്തേക്ക് ശബ്ദം കേള്‍ക്കുന്നത് കുഴപ്പമില്ലെങ്കിലും 50 ഡെസിബെലിന് മുകളില്‍ മണിക്കൂറുകളോളം ഉപയോഗിക്കുന്നത് പ്രശ്നമുണ്ടാക്കും. ഭാഗിക കേള്‍വി തകരാറുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവര്‍ വര്‍ധിച്ചു വരുന്നതായും ഇത് മാറിയ ശീലങ്ങളുടെ ഫലമായി കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേള്‍വിത്തകരാറുകള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ അത് മാറ്റിയെടുക്കാന്‍ സാധിക്കും. നവജാത ശിശുക്കളില്‍ കേള്‍വി സംബന്ധമായ പരിശോധന നടത്തുന്നുവെന്ന് എല്ലാവരും ഉറപ്പു വരുത്തണം. സര്‍ക്കാര്‍ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവടങ്ങളില്‍ ഇതിനായി സൗജന്യ സ്ക്രീനിങ് ടെസ്റ്റ് സൗകര്യമുണ്ടെന്നും ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.