മഞ്ചേശ്വരത്ത് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിതന്നെ ,സാധ്യത മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിൻ മൊന്തേരക്ക്
കാസർകോട് :നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്തെ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിലും പ്രവചനാതീതമായ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് സൂചനകൾ പുറത്തുവന്നു.ബിജെപി യും യു ഡി എഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ ഇടതുമുന്നണി വിജയസാധ്യതയുള്ള ഒരു പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയെ തേടുന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിൽ വന്നുകൊണ്ടിരിക്കുന്നത്.2006 ൽ സിപിഎം നേതാവ് സി.എച്ഛ് കുഞ്ഞമ്പു വിജയിച്ചതിന് ശേഷം ഈ നിയോജകമണ്ഡലത്തിൽ നടന്ന രണ്ട് പൊതുതിരഞ്ഞെടുപ്പിലും ഒരു ഉപതിരഞ്ഞെടുപ്പിലും എൽ ഡി എഫ് തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി തള്ളപ്പെട്ട സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഒരു പൊതു സ്വതന്ത്ര സ്ഥാനാർഥി ഉചിതമായിരിക്കുമെന്ന ആലോചനയിലേക്ക് എൽ ഡി എഫിനെയും സിപിഎമ്മിനെയും കൊണ്ടുചെന്നെത്തിച്ചത്.
ഈ ആലോചനകൾക്കിടയിലാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി മുസ്ലിം ലീഗിനെ എതിർക്കുന്ന മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മഞ്ചേശ്വരം പഞ്ചായത്തിന്റെ വനിതാ പ്രസിഡണ്ട് ജീൻ ലെവിൻ മൊന്തേരോയിലേക്ക് അന്വേഷണം ചെന്നെത്തിയത്.ജീനിനെ സ്ഥാനാർഥിയാക്കിയാൽ ഇടതുമുന്നണിയുടെ നില മെച്ചപ്പെടുത്താമെന്നും ലീഗ്,ബിജെപി കോട്ടകളിലെ വോട്ടുകൾ ഭിന്നിപ്പിച്ച് എൽ ഡി എഫിന്റെ പെട്ടിയിൽ ആക്കാമെന്നും വിലയിരുത്തലുണ്ട്.ഇതിനുപുറമെ പരമ്പരാഗതമായി യു ഡി എഫിനും ബിജെപിക്കും മറിയുന്ന കൊങ്ങിണി ഭാഷ സംസാരിക്കുന്ന ക്രൈസ്തവരുടെ വോട്ടുകൾ ജീൻ ലെവിൻ സ്ഥാനാർത്ഥിയായാൽ തങ്ങൾക്ക് അനുകൂലമാക്കാമെന്നും എൽ ഡി എഫ് കരുതുന്നു.
മംഗളൂരു രൂപതയ്ക്ക് കീഴിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തിൽ പെടുന്ന ക്രൈസ്തവ ഇടവകകൾ നിലകൊള്ളുന്നത്.ചുരുങ്ങിയത് ഏഴായിരത്തിൽ പരം വോട്ടുകൾ ഈ ക്രിസ്ത്യൻ വിഭാഗത്തിൽ സ്ഥിര നിക്ഷേപമായുണ്ട്.ഈ വിഭാഗത്തിൽപ്പെട്ട ജീൻ ലെവിൻ സ്ഥാനാർത്ഥിയായി വന്നാൽ ക്രൈസ്തവ വോട്ടുകൾ സ്വാഭാവികമായും എൽ ഡി എഫിൽ എത്തുമെന്നും ഇതിലൂടെ എതിരാളികളിൽ കനത്ത വെല്ലുവിളി സൃഷ്ടിക്കാനാകുമെന്നുമാണ് വിലയിരുത്തൽ.ബിരുദാനന്തര ബിരുദധാരിയായ ജീൻ മഞ്ചേശ്വരത്തെ മഹിളകൾക്കിടയിലും പൊതുസമൂഹത്തിലും സുപരിചിതയാണ്.കലാകാരിയും ആക്ടിവിസ്റ്റുമാണ്.മൂന്ന് പതിറ്റാണ്ടായിമുസ്ലീം ലീഗ് കൈയ്യടക്കിവെച്ച പ്രസിഡന്റ് പദമാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീൻ ലെവിൻ പിടിച്ചെടുത്ത് സ്വന്തമാക്കിയത്.ഈ അട്ടിമറി ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം ,എക്കാലത്തും ഏറെ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം .സംസ്ഥാന നിയമ സഭയിലേക്ക് ഒരാൾ ആദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും ഇവിടെ നിന്നാണ്.ആ ചരിത്രം ഇതുവരെ മാറ്റിമറിക്കപ്പെട്ടിട്ടില്ല.കന്നഡ ഭാഷാന്യൂനപക്ഷത്തുനിന്ന് ഒരു ഭിഷഗ്വരനും മുൻ രാജ്യസഭാംഗവുമായ കമ്മ്യൂണിസ്റ്റുകാരൻ സംസ്ഥാന മന്ത്രിയായി ആദ്യമായി അവരോധിക്കപ്പെട്ടതും ഇതേ മണ്ഡലത്തിൽ നിന്നാണ്.മുസ്ലിം ലീഗിലെ ഒരു പ്രബലനായ മന്ത്രിയെ പരാജയപ്പെടുത്തി മറ്റൊരു സിപിഎം നേതാവ് നിയമസഭയിലെത്തിയതും ഈ തുളുനാടൻ മണ്ഡലത്തിൽ നിന്നുതന്നെ.അതുകൊണ്ടുതന്നെ ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷത്തുനിന്ന് ഒരു വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലത്തിൽ ഒരു പുതിയ തിരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കണമെന്നാണ്
ഇടതു ക്യാമ്പുകളിൽ ഉയരുന്ന ആവശ്യം. ഇക്കുറി മണ്ഡലത്തിൽ ഇടതുപക്ഷം വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിൽ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇതിന് പിന്നിൽ.ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ആവർത്തിക്കുമെന്നുമാണ് ഇടതു കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്.