കോൺഗ്രസിന്റെ രഹസ്യ സർവേയിൽ പിണറായിക്ക് തുടർഭരണം; വികസനം നേട്ടമായെന്ന് വിലയിരുത്തൽ,
സർവ്വേ നടത്തിയത് മൂന്ന് ഏജൻസികൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായിക്ക് ഭരണതുടർച്ച പ്രവചിച്ച് ഹൈക്കമാൻഡിന്റെ രഹസ്യ സർവേ. വിവാദങ്ങൾ ഏറെ ഉളളപ്പോഴും കൊവിഡും പ്രളയവും അടക്കമുളള പ്രതിസന്ധികളെ നേരിട്ടതും വികസനം മുന്നോട്ട് കൊണ്ട് പോകാനാവുന്നതും പിണറായി സർക്കാരിന് പ്ലസ് പോയിന്റായെന്നാണ് സർവേയിൽ വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക കെ പി സി സി നേതൃത്വം ഹൈക്കമാൻഡിന് കൈമാറിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ആദ്യത്തെ സർവേ നടത്തിയത്. എന്നാൽ സ്ഥാനാർത്ഥികൾക്ക് വിജയ സാദ്ധ്യതയില്ലെന്ന് സർവേയിൽ കണ്ടെത്തിയതോടെ വീണ്ടും സർവേ നടത്താൻ രണ്ട് ഏജൻസികളെ കൂടി ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്നലെ പുറത്തുവന്ന രണ്ട് സ്വകാര്യ ചാനൽ സർവേകളും ഇടതുമുന്നണിക്കാണ് തുടർഭരണം പ്രവചിക്കുന്നത്.ജനുവരിയിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷം വീണ്ടും സർക്കാരുണ്ടാക്കും എന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ സർവേ ഫലം. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ പിടി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മുകളിലുണ്ട്. സർവേയിൽ തുടർഭരണം പ്രവചിക്കുന്നുണ്ടെങ്കിzലും രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് ശേഷം സാഹചര്യങ്ങൾ മാറിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.വയനാട്ടിലുളള രാഹുൽഗാന്ധി നാളെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നുണ്ട്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കൂടി രാഹുൽ വിലയിരുത്തും. സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് മൂന്ന് സർവേകളും പൂർത്തിയാക്കി റിപ്പോർട്ട് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. തനിച്ച് അമ്പത് സീറ്റെങ്കിലും നേടുക എന്നതാണ് കോൺഗ്രസ് ഇക്കുറി ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് കളികൾ അനുവദിക്കില്ലെന്നും വിജയസാദ്ധ്യതയുളളവരെ മാത്രമേ സ്ഥാനാർത്ഥിയാക്കാൻ അനുവദിക്കുകയുളളൂ എന്നുമുളള കർശന നിലപാടിലാണ് ഹൈക്കമാൻഡ്. അതേസമയം,കൈവശമുളള മണ്ഡലങ്ങൾ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.കൊൽക്കത്ത, മുംബയ്, ബംഗളുരു എന്നിവിടങ്ങളിലെ മൂന്ന് ഏജൻസികളെയാണ് സർവേയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്. കേരളത്തിലെ മുതിർന്ന ചില നേതാക്കളോട് മാത്രമാണ് സർവേയിലെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുളളത്. തൊണ്ണൂറ് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ് നേരിട്ട് മത്സരിക്കുമെന്ന നിഗമനത്തിലാണ് നൂറ് മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെ കൂടാതെ പാർട്ടിയോട് അനുഭാവമുളളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സർവേയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നുകൂടി കൊഴുപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. ഇരുപത് സീറ്റിന് മുകളിൽ നേടാൻ മുസ്ലീം ലീഗിന് സാധിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ് (ജോസഫ്/ജേക്കബ്), ആർ എസ് പി, സി എം പി അടക്കമുളള ഘടകകക്ഷികൾ നേടുന്ന സീറ്റുകൾ കൂടി ചേർക്കുമ്പോൾ യു ഡി എഫിന് ഭരണം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 71 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.അമ്പത് മണ്ഡലങ്ങൾ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാൽ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിർ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുൾപ്പെടുത്തും. 2016ൽ പാർട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാദ്ധ്യതയുളള മറ്ര് മണ്ഡലങ്ങളുമാണ് എ ക്ലാസിൽ ഉൾപ്പെടുക.