സമ്മാനമില്ലെന്ന് വിചാരിച്ച് കളയാന്‍ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം ഒന്നാം സമ്മാനം, ഒപ്പം എടുത്ത ഒമ്പത് ടിക്കറ്റിനും 8000 വീതം; ഞെട്ടൽ മാറാതെ വിഴിഞ്ഞം സ്വദേശി സിറാജുദ്ദീന്
വിഴിഞ്ഞം: സമ്മാനമില്ലെന്ന് വിചാരിച്ച് കളയാന്‍ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം ഒന്നാം സമ്മാനം അടിച്ചതിന്റെ ഞെട്ടലിലാണ് വിഴിഞ്ഞം സ്വദേശി സിറാജുദ്ദീന്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് ഒപ്പം എടുത്ത ഒമ്പത് ടിക്കറ്റുകള്‍ക്കും സമ്മാനം ലഭിച്ചു. ഒമ്പത് ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതവുമാണ് ലഭിച്ചത്.
ലോട്ടറി ടിക്കറ്റ് എടുക്കല്‍ ഒരു ഹരമായി മാറ്റിയിരിക്കുന്ന ആളാണ് പുല്ലൂര്‍ക്കോണം പ്ലാമൂട്ടുവിള വീട്ടില്‍ സിറാജുദ്ദീന്. കഴിഞ്ഞ 20 ലേറെ വര്‍ഷമായി സിറാജുദ്ദീന് ടിക്കറ്റ് എടുക്കുന്നയാളാണ്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ 5000 രൂപ വരെയുള്ള സമ്മാനമേ അദ്ദേഹം നോക്കിയുള്ളൂ. സമ്മാനം ഇല്ലെന്ന് കരുതി ടിക്കറ്റ് കളയാന്‍ ഒരുങ്ങവെയാണ് ടിക്കറ്റ് നല്കിയ വനിത ഓടി എത്തി കാര്യം പറയുന്നത്.
ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീന്. സ്വന്തമായി വീട് ഇല്ലാത്ത സിറാജുദീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് കഴിയുന്നത്. വീടും സ്ഥലവും വാങ്ങണം എന്നതാണ് ആദ്യ ആഗ്രഹം. ഷഹീറ, ഷഹീര്‍, ഷെബീദ എന്നിവരാണ് മക്കള്‍.