പുതുച്ചേരിയില്‍ കോൺഗ്രസ് സര്‍ക്കാര്‍ വീണു; മുഖ്യമന്ത്രി രാജിവച്ചു
ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം രാജി സമര്‍പ്പിക്കുന്നതിനായി ഗവര്‍ണറെ കാണാന്‍ പോയി.
തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെവീണത്. കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമര്‍ശനം നടത്തി. കിരണ്‍ബേദിയെ വച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപിച്ചു.
ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എല്‍.എ.മാര്‍കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ.യും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി.പി. ശിവകൊളുന്തുവിനു രാജി സമര്‍പ്പിച്ചത്.
ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്.
ആറ് എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. എന്‍.ആര്.കോണ്‍ഗ്രസ് -ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ഇന്ത്യ എന്‍.ആര്.കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ. എന്നീ പാര്‍ട്ടികളിലെ 11 എം.എല്‍.എ.മാരും ബി.ജെ.പി.യുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസും ഇവര്‍ക്കു മറ്റു നിയമസഭാ സാമാജികരുടെ അവകാശങ്ങളുണ്ടെന്നു പ്രതിപക്ഷവും വാദിച്ചിരുന്നു.