ഇടുക്കിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ കൊലപാതകം;പ്രണയനൈരാശ്യത്തെ തുടര്‍ന്ന്,പ്രതിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു
ഇടുക്കി: പവര്‍ഹൗസില്‍ വണ്ടിത്തറയില്‍ രേഷ്മയുടെ കൊലപാതകം മനഃപൂര്‍വമായ നരഹത്യയാണെന്ന തെളിവ് പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ പിതൃസഹോദരനായ അരുണ്‍ എഴുതിയ ഇതുസംബന്ധിച്ച് സൂചനയുള്ള ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. അരുണ്‍ രാജകുമാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. കൂട്ടുകാര്‍ക്ക് കത്ത് രൂപത്തിലെഴുതിയ ഈ കുറിപ്പ് പത്ത് പേജുകളുണ്ട്.
തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മള് തമ്മില്‍ കാണില്ല എന്നും കത്തില്‍ പറയുന്നു. രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളില്‍ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്നും എഴുതിയിട്ടുണ്ട്.
സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞ് പെണ്‍കുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുണ്‍ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കത്ത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂര്‍വം എഴുതിയതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.