ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
ആലപ്പുഴ: ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട്ടില്‍നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാല് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയത്. വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോകുകയായിരുന്നു.
സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ബിന്ദു.
15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേര് കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതില്‍ പൊളിച്ച് അക്രമികള്‍ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാര്‍ ആരോപിച്ചു.
ബിന്ദു ഗള്‍ഫില്‍ നിന്ന് വന്ന ശേഷം രണ്ട് പേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടിരുന്നു. ഇവരുടെ ചിത്രം വീട്ടുകാര്‍ പോലീസിന് കൈമാറി. ഇതിലൊരാള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നില്ക്കുന്ന ചിത്രവുമുണ്ട്. രാജേഷ് എന്ന യുവാവിനെപറ്റിയാണ് ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നത്.
ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.
സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മാന്നാര്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.