അഹമ്മദാബാദ്: സന്യാസിയാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി. മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാന്‍ പോയ മകനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കളുടെ ഏകമകനാണ് ധര്‍മേഷ് ഗോയല്‍ എന്ന 27കാരന്. ഫാര്‍മസിയില്‍ മാസറ്റര്‍ ബിരുദം നേടിയ ഗോയല്‍ പ്രതിമാസം 60,000 രൂപ ശമ്ബളമുള്ള ജോലി നിരസിച്ച്, മാതാപിതാക്കളുടെ പക്കല്‍ നിന്നും 50,000 രൂപ വാങ്ങിയ ശേഷം ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒയ്ക്ക് ഒപ്പം ചേര്‍ന്നു.
തുടര്‍ന്ന് മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയും ചെയ്തു. ഏകപ്രതീക്ഷയായിരുന്ന ഗോയല്‍ ഉപേക്ഷിച്ച് പോയതോടെ മാതാപിതാക്കള്‍ക്ക് മറ്റ് ആശ്രയമൊന്നുമില്ലാതെയായി. ഏകദേശം 35 ലക്ഷം രൂപയാണ് ഇവര്‍ മകന്റെ പഠനത്തിനായി ചെലവഴിച്ചത്. ഗോയലിന്റെ ഒരു വിവരവുമില്ലാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ഇവര്‍ മകനെ കണ്ടെത്തി. എന്നാല്‍ തനിക്ക് മാതാപിതാക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും സന്യാസമാണ് തന്റെ ജീവിതലക്ഷ്യമെന്നും ഗോയല്‍ പറഞ്ഞു. ഇതോടെയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ ഭാഗം ന്യായമാണെന്ന് മനസിലാക്കിയ കോടതി മകന് ചെലവിന് കൊടുക്കണമെന്ന് വിധിച്ചു.