2 ലക്ഷം ജ്വല്ലറിപ്പണവുമായി പര്‍ദ്ദയിട്ട യുവതി കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറില്‍, സി സി ടി വി ദൃശ്യങ്ങൾ നിർണായകമാകും
കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ ബസ്്സ്റ്റാന്റ് പരിസരത്തുള്ള എസ്ആര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ രണ്ടു ലക്ഷം രൂപ അതിവിദഗ്ധമായി തട്ടിയെടുത്ത അജ്ഞാത പര്‍ദ്ദധാരിണി കടന്നുകളഞ്ഞത് വെള്ളമാരുതി സ്വിഫ്റ്റ് കാറില്‍. ഫിബ്രവരി 15-ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടടുത്ത് അജാനൂര്‍ തെക്കേപ്പുറം ജുമാഅത്ത് പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അര്‍ബ്ബന്‍ ബാങ്കിന്റെ മുന്നില്‍ വന്നു നിന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് പര്‍ദ്ദ കൊണ്ട് ദേഹം മുഴുവന്‍ മൂടിയ മുപ്പതിന് താഴെ പ്രായമുള്ള വെളുത്ത യുവതി രക്ഷപ്പെട്ടത്.
യുതിയോടൊപ്പം പന്ത്രണ്ടു വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. ചെറുവത്തൂര്‍ എസ്ആര്‍ ജ്വല്ലറിയുടമ മഹാരാഷ്ട്ര സാംഗ്ളി ജില്ലക്കാരനായ സഞ്ജയന്റെ ജ്വല്ലറിയില്‍ യുവതിയും, കുട്ടിയുമെത്തിയത് സംഭവദിവസം ഉച്ചയ്ക്ക് 3 മണിക്കാണെന്ന് ഈ ജ്വല്ലറിയിലെ സീസി ടിവി ക്യാമറാ ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 3-10 മണിക്ക് ചെറുവത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ മനോജിനെ വിളിച്ച് 2 ലക്ഷം രൂപ റൊക്കം പണം ഏല്‍പ്പിച്ച ജ്വല്ലറിയുടമ സഞ്ജയ് യുവതിയോടൊപ്പം ഓട്ടോയില്ച്ചെന്ന് കാഞ്ഞങ്ങാട്ടെ അര്‍ബന്‍ ബാങ്കില്‍ യുവതി പണയപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചെടുത്ത് കൊണ്ടുവരാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
കണ്ണുകള്‍ മാത്രം പുറത്തു കാണും വിധം മറ്റ് ശരീരഭാഗങ്ങള്‍ പൂര്‍ണ്ണമായും കറുത്ത പര്‍ദ്ദ കൊണ്ട് മൂടിയിരുന്ന യുവതിയോടും ആണ്കുട്ടിയോടുമൊപ്പം മനോജ് ഉടന്‍ സ്വന്തം ഓട്ടോയില്‍ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെടുകയായിരുന്നു. 3-30 മണിക്ക് അര്‍ബ്ബന്‍ ബാങ്കിന്റെ ഇടപാട് സമയം അവസാനിക്കാന്‍ 30 മിനിറ്റുകള്‍ ബാക്കിയിരിക്കെ മൂന്നു പേരും ബാങ്കിലെത്തി. യുവതി ബാങ്ക് ജീവനക്കാരനോട് എന്തോ പറയുന്നതും ഉടന്‍ മനോജിന്റെ അടുത്തെത്തി കടലാസ്സില്‍ പൊതിഞ്ഞ നോട്ടുകെട്ടുകള്‍ വാങ്ങുന്ന രംഗവും അര്‍ബന്‍ ബാങ്കിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നോട്ടുകെട്ട് തോളത്തുവെച്ച യുവതി ബാങ്കിനകത്തു നിന്ന് 4 തവണ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ട്. പണം അല്‍പ്പം കുറവുണ്ടെന്ന് യുവതി മനോജിനോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒരാള്‍ വിളിക്കുന്നുവെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞ യുവതി പെട്ടെന്ന് ബാങ്കില്‍ നിന്ന് പുറത്തിറങ്ങി വരാന്തയില്‍ നില്‍ക്കുന്നുണ്ട്. തല്‍സമയം ബാങ്കിന് മുന്നില്‍ വന്നു നിന്ന കാറിനടുത്തുത്തെത്തിയ യുവതി സ്വിഫ്റ്റ്കാറിന്റെ മുന്‍സീറ്റില്‍ കയറുകയും ഈ കാര്‍ ശരവേഗത്തില്‍ ചിത്താരി ഭാഗത്തേക്ക് ഓടിച്ചു പോവുകയും ചെയ്തു. ആണ്‍കുട്ടി ജ്വല്ലറിയില്‍ നിന്നിറങ്ങി ഇഖ്ബാല്‍ ജംഗ്ഷന് വരെ നടന്നു പോകുന്ന ദൃശ്യവും വിവിധ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. കാര്‍ ബാങ്കിന് മുന്നിലെത്തിയത് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നാണ്. എസ്ആര്‍ ഗോള്ഡുടമ സഞ്ജയ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ചെറുവത്തൂരില്‍ സ്വര്ണ്ണമിടപാടും ജ്വല്ലറിയും നടത്തി വരികയാണ്. 20 വര്‍ഷമായി എസ്ആര്‍ ജ്വല്ലറി ചെറുവത്തൂരിലുണ്ട്.