സര്‍ക്കാര്‍ അഭിഭാഷകന് പോക്സോ ഇരയെ ചൂഷണം ചെയ്തെന്ന്, പരാതിയുമായി ലക്ഷദ്വീപ് അഭിഭാഷക
കൊച്ചി: പോക്സോ കേസ്സില്‍ ഇരയായ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ വനിതാ അഭിഭാഷകയുടെ പരാതി. ലക്ഷദ്വീപ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജിബിന്‍ ജോസഫിനെതിരെയാണ് വനിത അഭിഭാഷകയായ ലക്ഷദ്വീപ് കല്‍പ്പേനി ദ്വീപ് സ്വദേശിനി കവരത്തി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് പരാതി കൊടുത്തത്. ലക്ഷദ്വീപ് വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പോക്സോ കേസ്സില്‍ ഇരയായ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നും കാണാതായതിന് പിന്നില്‍ ജിബിന്‍ ജോസഫാണെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
ലക്ഷദ്വീപ് ജില്ലാ സെഷന്‍സ് കോടതിയിലെ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ ജിബിന്‍ ജോസഫിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കണമെന്നാണ് അഭിഭാഷകയുടെ പരാതി. ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കവരത്തി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിക്ക് ജിബിന്‍ ജോസഫ് മൊബൈല്‍ ഫോണ്‍ നല്‍കുകയും, അതുവഴി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് ഹോസ്റ്റലിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നാണ് പരാതിക്കാരുടെ ആരോപണം.
പോക്സോ കേസ്സിലെ ഇരയുടെ മാതാവും അതേ കേസ്സില്‍ പ്രതിയുമായ സ്ത്രീയെ ഇദ്ദേഹം ഇതിനായി ഉപയോഗിക്കുകയും ചെയ്തെന്ന് പരാതിയില്‍പ്പറയുന്നു. പോക്സോ കേസ്സില്‍ ഇരയെ ദുരുപയോഗം ചെയ്തതിനെതിരെ പോലീസ് സൂപ്രണ്ടിനും പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിന് കത്തെഴുതിയതായും, കത്ത് അധികാരികള്‍ അവഗണിച്ചതായും ഇവര്‍ പറഞ്ഞു. ഇതിന് പിന്നില്‍ ജിബിന്‍ ജോസഫിന്റെ സ്വാധീനമുണ്ടെന്നാണ് ഇവരുടെ ആരോപണം.
2020 നവംബര്‍ 20-ന് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസില്‍ പരാതിയുണ്ടായിരുന്നതായും പരാതിപ്രകാരമുള്ള കേസ്സില്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ഹോസ്റ്റലില്‍ തിരികെ എത്തിച്ചതായും ഇവര്‍ പറയുന്നു. ജിബിന്‍ ജോസഫിനെതിരെ പോക്സോ നിയമത്തിലെ 11(4) വകുപ്പ്, ബാല നീതി നിയമത്തിലെ 75 -ാം വകുപ്പ് പ്രകാരവും നടപടിയെടുക്കണമെന്നാണ് കവരത്തി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കിയ പരാതിയില്പ്പറയുന്നത്. ലക്ഷദ്വീപ് ആന്ത്രോത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത 26/2019 നമ്പര്‍ പോക്സോ കേസ്സില്‍ ഇരയെയാണ് കവരത്തിയിലെ വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്.
ഇരയുടെ സുരക്ഷയെക്കരുതിയാണ് കോടതി പെണ്‍കുട്ടിയെ വിമന്‍സ് ഹോസ്റ്റലിലാക്കിയത്. ഇവിടെ നിന്നും കുട്ടിയെ കാണാതായതായി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസ്ക്യൂട്ടര്‍ പോക്സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നീതി ലഭ്യമാക്കി കൊടുക്കാന്‍ ബാധ്യതയുള്ള അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തന്നെ കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് അഭിഭാഷകയുടെ ആരോപണം.