കണ്ണൂര്‍: കേരള സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന 77 കോടി രൂപയുടെ അഴിമതിയില്‍ കോഴിക്കോട് എം.പി എം.കെ രാഘവന് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. 2002 മുതല്‍ 2014 വരെ എം.കെ രാഘവന് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് അഴിമതി നടന്നത്. സഹകരണ വിജിലന്‍സ് ഡി.വൈ.എസ്.പി മാത്യു രാജ് കള്ളിക്കാടനാണ് അന്വേഷണം നടത്തിയത്.
ഈ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി. മധുസൂദനന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. സൊസൈറ്റിക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി അഴിമതി നടത്തിയതാണ് കേസ്. ധനാപരഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര് രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്.
ജനറല്‍ മാനേജര്‍ പി.വി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി എം.ഡി ബൈജു രാധാകൃഷ്ണന്, എം.കെ രാഘവന് മൂന്നാം പ്രതിയാണ്. പത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് മറ്റ് പ്രതികള്‍.