ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തകര്‍ത്ത് ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് കിരീടം.
നവോമിയുടെ കരുത്തിനു മുന്നില്‍ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിനിറങ്ങിയ ജെന്നിഫറിന് അടിതെറ്റി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍: 6-4, 6-3.
നവോമിയുടെ രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നാലാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണിത്.
ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നവോമി വിജയം കൈപ്പിടിയിലാക്കിയത്.
ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ 100 ശതമാനം വിജയമെന്ന നേട്ടം നവോമി നിലനിര്‍ത്തി. ഇതിനു മുമ്പ് കളിച്ച 2018, 2020 വര്‍ഷങ്ങളിലെ യു.എസ് ഓപ്പണിലും 2019-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും നവോമിക്കായിരുന്നു കിരീടം.
മോണിക്ക സെലസിന് ശേഷം കരിയറിലെ ആദ്യ നാല് മേജര്‍ ഫൈനലുകളും വിജയിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇതോടെ നവോമിയുടെ പേരിലായി.