എനിക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല; ഇന്ധനവില വർദ്ധന മഹാസങ്കടകരമെന്ന് നിർമ്മല സീതാരാമൻ
ന്യൂഡൽഹി: ഇന്ധന വില വർദ്ധന കുഴപ്പം പിടിച്ച പ്രശ്നമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലസ സീതാരാമൻ. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണ് ഇതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.വില വർദ്ധന പിടിച്ചുനിർത്താനായി കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും യോജിച്ച് നികുതി കുറയ്ക്കാൻ തയ്യാറാകണം. ഇന്ധന വില ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിന് കേന്ദ്രർക്കാരിന് എതിർപ്പില്ല. ജി എസ് ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.ഇന്ധനവില ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങൾ തമ്മിൽ സമവായം ഉണ്ടാകണം. ഇന്ധനവില വർദ്ധനവ് ഉണ്ടാകുന്നത് മഹാസങ്കടകരമായ കാര്യമാണ്. താൻ ഒരു കേന്ദ്രമന്ത്രി മാത്രമാണ്. തനിക്ക് മാത്രമായി ഇതിൽ ഒന്നും ചെയ്യാനില്ല. ഇന്ധന വില വർദ്ധന നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.