ജനിച്ചത് പുരുഷനായിട്ട്, ജീവിക്കുന്നത് സ്ത്രീയായിട്ടും; സ്വന്തം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകാന്‍ ബീജം സൂക്ഷിച്ച് ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍
ഗുജറാത്ത്: ( 19.02.2021) പുരുഷനായി ജനിക്കുകയും സ്ത്രീയായിട്ട് ജീവിക്കുകയും ചെയ്യുന്ന ഗുജറാത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ എന്ന വിശേഷണമുളള ജസ്നൂര്‍ ദയാര സ്ത്രീയായി മാറുന്നതിന് മുമ്ബ് തന്നെ മറ്റൊരു സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. സ്വന്തം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്നൂര്‍ ദയാര
അമ്മയാകണം, അതും സ്വന്തം രക്തത്തില്‍ നിന്നൊരു കുഞ്ഞ്. അതിനായി സ്വന്തം ബീജം തന്നെ ജസ്നൂര്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗോധ്രയിലാണ് ജസ്നൂര്‍ ജനിച്ചത്. കുട്ടിക്കാലത്ത് പെണ്‍കുട്ടികളുടെ സ്വഭാവ സവിശേഷതകളായിരുന്നു ജസ്നൂറിന്. എന്നാല്‍ സ്വത്വം പുറത്തുകാണിക്കാന്‍ ആശങ്കപ്പെട്ട് അത് മറച്ചു വെക്കുകയാണ് ജസ്നൂര്‍ ചെയ്തത്. വീട്ടുകാര്‍ തന്റെ സ്വത്വം തിരിച്ചറിഞ്ഞാന്‍ നല്ല രീതിയിലായിരിക്കില്ല പ്രതികരിക്കുന്നതെന്ന് ജസ്നൂറിന് അറിയാമായിരുന്നു. പിന്നീട് പഠനത്തിനായി റഷ്യയിലേക്ക് പോയപ്പോഴാണ് തന്റെ സ്ത്രീത്വം പുറത്തു കാണിക്കാന്‍ ദയാറ തയ്യാറായത്.
‘എല്ലാക്കാര്യങ്ങളും കൃത്യമായി നടക്കുകയാണെങ്കില്‍, ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടക്കുകയും ചെയ്താല്‍ ഐവിഎഫിലൂടെ എനിക്ക് എന്റെ സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയും. എനിക്ക് എന്റെ സ്വന്തം കുഞ്ഞിന്റെ അമ്മയാകണം. അതിന് സാധിച്ചില്ലെങ്കില്‍ വാടകഗര്‍ഭപാത്രത്തെ ആശ്രയിക്കും.’ ദയാറ പറഞ്ഞു.
എന്റെ അമ്മയെയും സഹോദരിയെയും പോലെ സാരി ധരിക്കുകയും ലിപ്സ്റ്റിക് ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്റെ കുടുംബത്തെ വേദനിപ്പിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് എല്ലാം ഉള്ളില്‍ സൂക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസം നേടിയതിന് ശേഷം എന്നെ വെളിപ്പെടുത്താനുള്ള ധൈര്യം എനിക്കുണ്ടായി. അതുപോലെ എന്റെ കുടുംബത്തെയും സമൂഹത്തെയും. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഞാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകും. പൂര്‍ണ്ണ സ്ത്രീയായി മാറും.’ ദയാറ പറഞ്ഞു.
വാടക ഗര്‍ഭപാത്രത്തിനും ഗര്‍ഭധാരണത്തിനും കര്‍ശന നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ വിദേശത്ത് തന്നെ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി ദയാറ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപോര്‍ടില്‍ പറയുന്നു.