ത്രികോണപ്രണയ ദുരന്ത൦, യുവതി വെടിയേറ്റ് മരിച്ചു; തലയ്ക്ക് വെടിയേറ്റ സഹപാഠി ഗുരുതരാവസ്ഥയില്‍:
ലക്നൗ: ഉത്തര്‍പ്രദേശില്‍ കോളജ് വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. ഝാന്‍സി ചാണക്യപുരി സ്വദേശി ക്രിതിക ത്രിപാഠിയാണ് വീടിനുള്ളില്‍ വച്ച് വെടിയേറ്റ് മരിച്ചത്. ഇവരുടെ സഹപാഠിയായ ഹുകും ചന്ദ് ഗുര്‍ജാര്‍ എന്ന യുവാവിനും വെടിയേറ്റിട്ടുണ്ട്. കോളജ് ക്ലാസ് മുറിയില്‍ വച്ചാണ് ഇയാള്‍ക്ക് വെടിയേല്‍ക്കുന്നത്. തലയുടെ പിന്‍ഭാഗത്ത് വെടിയേറ്റ ഗുര്‍ജാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് ഝാന്‍സി എസ് പി ദിനേശ് കുമാര്‍ അറിയിച്ചിരിക്കുന്നത്.
സംഭവത്തില്‍ മന്ഥന് സിംഗ് സെങ്കാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ദേശനിര്‍മ്മിത പിസ്റ്റളും തിരകളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നല്കുന്ന വിവരം അനുസരിച്ച് ബുന്ദേല്‍ഖണ്ഡ് കോളജില്‍ ബിരുദാനന്തര ബിരുദം അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ട ക്രിതികയും പരിക്കേറ്റ ഗുര്‍ജാറും. പ്രതി മന്ഥനും ഇവരുടെ പരിചയക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. ത്രികോണ പ്രണയബന്ധം കൊലപാതകത്തില്‍ കലാശിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗുര്‍ജാറിനെ വകവരുത്താനായി ക്ലാസ് മുറിയിലെത്തിയ പ്രതി, ബോര്‍ഡില്‍ ഒരു ഹൃദയം വരച്ച് ‘മന്ഥന് അവസാനിപ്പിക്കുന്നു’ എന്ന് കുറിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പ്രണയമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് യുവാവിനെ നയിച്ചതെന്ന സൂചന പൊലീസ് നല്‍കിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ ഇടുക്കി സ്വദേശിനിയായി 17 കാരി കുത്തേറ്റ് മരിച്ചു. ബയസണ്‍വാലി ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സ്കൂള്‍ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിശദമായ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.