രേഷ്മയെ അവസാനമായി കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; അനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
ഇടുക്കി: ഇടുക്കി പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛന്റെ അർദ്ധസഹോദരനായി പൊലീസ് അന്വേഷണം ശക്തം. കോതമംഗലം സ്വദേശി അനു എന്ന ബന്ധു പെൺകുട്ടിയെ സ്കൂളിൽ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രിയാണ് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പതിനേഴുകാരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസണ്‍ വാലി ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി രേഷ്മയാണ് മരിച്ചത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുത്തേറ്റ നിലയിൽ കുട്ടി കിടക്കുന്നതായി വിവരം കിട്ടിയത്. ഉടനെ വെള്ളത്തൂവൽ സിഐയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബന്ധുവിനൊപ്പം പെൺകുട്ടി പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ അറിയിച്ചിരുന്നെന്ന് പള്ളിവാസലിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മറ്റ് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ കാണാതായി എന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പെൺകുട്ടിയുടെ അച്ഛൻ രാജേഷ് പറഞ്ഞു.