യോഗിയെ സ്വീകരിക്കാന്‍ സപ്തഭാഷാ സംഗമ ഭൂമി ഒരുങ്ങി; കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനം നാളെ
കാസര്‍കോട്: ബിജെപി കേന്ദ്ര നേതാക്കളില്‍, ബിജെപി പ്രവര്‍ത്തകര്‍ എപ്പോഴും ആവേശത്തോടെ ഭാരത് മാതാ കീ ജയ് മുഴക്കിയും ഹര്‍ഷാരവത്തോടെയും സ്വീകരിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വീകരിക്കാന്‍ സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ഒരുങ്ങി കഴിഞ്ഞു. കാസര്‍കോട് നഗരത്തെ ആകെ ഹരിതകുങ്കുമ കാവിപതാക കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഇതിനോകം തന്നെ അലങ്കരിച്ചു കഴിഞ്ഞു.
കന്നടയിലും മലയാളത്തിലുമായി ചെറും വലുതുമായുള്ള ഫഌക്സുകളും നഗരത്തിലാകെ സ്ഥാപിച്ചു കഴിഞ്ഞു. വിവിധ ജില്ലകളില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന നേതാക്കള്‍ വിജയയാത്രയുടെ ഉദ്ഘാടനത്തിനായി ജില്ലയില്‍ എത്തി തുടങ്ങി. യോഗി ആദിത്യനാഥിനെയും കെ.സുരേന്ദ്രനെയും സപ്തഭാഷാ സംഗമ ഭൂമിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് ചിരാതും, വിളക്കുകളും തെളിയിച്ചുകൊണ്ടുള്ള ‘വിജയ ദീപം’ ഇന്നലെ വൈകിട്ട് ഏഴിന് ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ തെളിയിച്ചു.
ഇന്ന് രാവിലെ കാസര്‍കോട്ടെത്തുന്ന കെ.സുരേന്ദ്രന് മധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരിക്കും വിജയയാത്രയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കുക. വിജയയാത്രയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെ 11ന് ജില്ലയിലെ ഭാഷാനൂനപക്ഷ സംഘടനകളുടേയും സാംസ്കാരിക നായകന്മാരുടേയും യോഗം നടക്കും. വൈകിട്ട് മൂന്നിന് സാമുദായിക സംഘടനകളുടേയും ആരാധനായങ്ങളുടെ ഭാരവാഹികളുടേയും യോഗം നടക്കും. വൈകിട്ട് 7.30ന് ജില്ലയിലെ പ്രമുഖ വ്യക്തികളുമായുള്ള സംവാദവും നടക്കും. മൂന്നു പരിപാടികളിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സംസാരിക്കും.
‘അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പുതിയ കേരളത്തിനായി കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര നാളെ വൈകിട്ട് മൂന്നിന് കാസര്‍കോട് ടൗണിലെ താളിപ്പടുപ്പ് മൈതാനത്താണ് ശുഭാരംഭം കുറിക്കുന്നത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്, കേരളത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ചുമലയുള്ള പ്രഭാരിമാരായ സി.പി രാധാക്യഷ്ണന്, സുനില്‍ കുമാര്‍, ബിജെപി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കളെ കൂടാതെ എന്‍ഡിഎ നേതാക്കളും കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാക്കളും പങ്കെടുക്കും. 22ന് രാവിലെ കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന യാത്ര കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ സിംങ് ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ നിന്നായി മുപ്പതിനായിരം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികള്‍ക്ക് ശേഷം മാര്‍ച്ച് ഏഴിന് വിജയയാത്ര തിരുവനന്തപുരത്ത് സമാപിക്കും. വിജയയാത്രയ്ക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പതാക ഉയര്‍ത്തി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ടൗണുകള്‍ കേന്ദ്രകരിച്ചും വിവിധ മോര്‍ച്ചകളുടെ നേത്യത്വത്തില്‍ പദയാത്രകള്‍, ബൈക്ക് റാലി, ഗൃഹസമ്ബര്‍ക്കം എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. ആദ്യമായി കാസര്‍കോട്ടെത്തുന്ന യോഗി ആദിത്യനാഥിന് വന്‍ വരവേല്‍പ്പാണ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്തിന്റെ നേത്യത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.