കേരളത്തില്‍ ലവ് ജിഹാദുണ്ട്;
വിവാദ പ്രസ്താവനയുമായി മെട്രോമാന് ഇ ശ്രീധരന്
പാലക്കാട്: കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് മെട്രോമാന് ഇ ശ്രീധരന്. ബിജെപി പ്രവേശത്തിന് മുന്നോടിയായി ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലവ് ജിഹാദ്, അതേ, കേരളത്തില്‍ സംഭവിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവര്‍ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ ചെയ്യും’ ശ്രീധരന് പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബീഫ് വിഷയത്തിലും ശ്രീധരന് മറുപടി നല്കി. ‘വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടവുമല്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിക്കാന്‍ താത്പര്യമുണ്ട് എന്ന് ശ്രീധരന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ സന്നദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഗവര്‍ണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ബി.ജെ.പിയില്‍ ചേരുന്നത് എന്ന് ശ്രീധരന് പറഞ്ഞിരുന്നു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാള്‍ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താന്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാര്‍ട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരന് അവകാശപ്പെട്ടിരുന്നു.
‘കേരളത്തില്‍ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികള്‍ കൃത്യമായി ചെയ്യുക എന്നിവയില്‍ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വളരെ കൂടുതല്‍ പേര് കൂടെവരും. ബി.ജെ.പിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.