ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; ആരോപണത്തില്‍ ഉറച്ച് ചെന്നിത്തല; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
കൊല്ലം : കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഡയറക്ടര്‍, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടര്‍ എന്നിവരെ ചിത്രത്തില്‍ കാണാം. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചര്‍ച്ചയെന്നതിനുമുള്ള രേഖ രമേശ് ചെന്നിത്തല പുറത്തുവിട്ടു.
ഒന്നും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. എന്തിനാണ് ചേര്‍ത്തലയില്‍ നാലേക്കര്‍ ഭൂമി അനുവദിച്ചത്, മുഖ്യമന്ത്രി അറിയാതെയാണോ ഇത്ര വലിയ പദ്ധതി മുന്നോട്ടുപോകുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടവെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആരോപിച്ചത്. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ പോയി ചര്‍ച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. എന്നാല്‍ വിവാദം അനാവശ്യമാണ്. പദ്ധതിരേഖ മാത്രമാണു സമര്‍പ്പിച്ചതെന്നുമാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ഇതു സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ല. അമേരിക്കന്‍ വിദേശനിക്ഷേപത്തോടെയാണു പദ്ധതി. സര്‍ക്കാരിന്റെ ഒരു രൂപ പോലുമില്ല. ഒട്ടേറെപ്പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന നല്ല പദ്ധതിയാണിതെന്നുമാണു മന്ത്രി പറഞ്ഞത്.
400 ട്രോളറുകള്‍ക്കും 5 കപ്പലുകള്‍ക്കുമാണ് അനുമതി നല്‍കുന്നതെന്നാണു പ്രതിപക്ഷ നേതാവിന്റെ ആരോപണം. തുടര്‍നടപടികള്‍ക്കായി വ്യവസായമന്ത്രി ഇ.പി.ജയരാജനു കമ്പനി അയച്ച കത്തിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു. സ്പ്രിന്‍ക്ലര്‍, ഇ – മൊബിലിറ്റി ഇടപാടുകളെക്കാള്‍ ഗുരുതര സ്വഭാവമുള്ളതാണു പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മത്സ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം കമ്പനിയെ സഹായിക്കും വിധമാണെന്നും ആരോപണമുണ്ട്.
ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് അങ്കമാലി സ്വദേശി ഷിജു വര്‍ഗീസാണ്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലാണു മുന്‍പരിചയം. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ 10 ലക്ഷം രൂപ മൂലധനത്തില്‍ ഷിജു വര്‍ഗീസ് പ്രസിഡന്റായി ഇഎംസിസി ഇന്റര്‍നാഷനല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപകമ്പനി 2 വര്‍ഷം മുന്‍പു രൂപീകരിച്ചു. സഹോദരന് ഷിബുവും അമ്മയും സഹോദരിയുമാണു ഡയറക്ടര്‍മാര്‍. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയാണു ധാരണാപത്രമെന്നും ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ന്യൂയോര്‍ക്കില്‍ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം അറിയിച്ചിരുന്നു.
സ്ഥിരീകരിച്ച് സര്‍ക്കാര്‍ വാര്‍ത്തക്കുറിപ്പ്
ഇഎംസിസി ഇന്റര്‍നാഷനല്‍ (ഇന്ത്യ) പ്രസിഡന്റ് ഷിജു വര്‍ഗീസുമായി ധാരണാപത്രം ഒപ്പിട്ടതായി ഈ മാസം രണ്ടിനു കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ(കെഎസ്ഐഎന്‍സി) വാര്‍ത്തക്കുറിപ്പില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ഐഎന്‍സിയുടെ സഹായത്തോടെ 400 ട്രോളറുകള്‍ കേരളത്തില്‍ നിര്‍മിക്കും. ഇവയ്ക്ക് അടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പുതിയ ഹാര്‍ബറുകള്‍ വികസിപ്പിക്കും. സംസ്കരണ യൂണിറ്റുകളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാകും മുന്‍ഗണന. 200 ഔട്ലറ്റുകള് വഴി കേരളത്തില്‍ വില്പനയും കയറ്റുമതിയും ലക്ഷ്യമിടുന്ന പദ്ധതി വഴി 25,000 തൊഴിലവസരങ്ങളുണ്ടാകുമെന്ന് എംഡി എന്‍. പ്രശാന്ത് പറയുന്നു. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് കെഎസ്ഐഎന്‍സി ചെയര്മാന്. 2950 കോടി രൂപയുടെ പദ്ധതിയെന്നാണു വാര്‍ത്തക്കുറിപ്പിലുള്ളത്. അതേസമയം, ഇഎംസിസി വ്യവസായമന്ത്രിക്ക് അയച്ച കത്തില്‍ തൊഴിലാളികളുടെ ശമ്പളമുള്‍പ്പെടെ 5324.29 കോടി രൂപയുടെ കണക്കാണു പറയുന്നത്.
കമ്പനിക്ക് സര്‍ക്കാര്‍ വക നാലേക്കര്‍
മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായിട്ടായിരുന്നു പ്രാരംഭ ചര്‍ച്ചയെങ്കിലും തുടര്‍നടപടികള്‍ പുരോഗമിച്ചത് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനിലും മന്ത്രി ഇ.പി. ജയരാജന്റെ നിയന്ത്രണത്തിലുള്ള വ്യവസായ വകുപ്പിലുമാണ്. കൊച്ചിയില്‍ 2020 ഫെബ്രുവരി 28നു ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് ‘അസെന്‍ഡ് 2020’ ല്‍ ധാരണാപത്രമായി. അനുബന്ധ ധാരണാപത്രത്തില്‍ സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷനലും (ഇന്ത്യ) ഈ മാസം രണ്ടിന് ഒപ്പിട്ടു. മൂന്നിനു കമ്പനിക്കു പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് 4 ഏക്കറും വിട്ടുകൊടുത്തു.