സംസ്ഥാനത്ത് സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമാവുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്കി. പ്രാരംഭ ശൈശവകാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനാണ് സര്‍ക്കാര്‍ നിലവിലുള്ള അങ്കണവാടികള്‍ക്ക് പകരം ഘട്ടം ഘട്ടമായി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2019 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അങ്കണവാടികള്‍ക്ക് ഒരു ഏകീകൃത മോഡല്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വനിത ശിശുവികസന വകുപ്പിന് കീഴില്‍ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ പ്ലാനനുസരിച്ചാണ് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മിക്കുക. 48 അങ്കണവാടികള്‍ക്ക് ഒന്‍പത് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അങ്കണവാടി കെട്ടിടങ്ങളുടെ രൂപകല്പന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വ്യത്യസ്ത വിസ്തൃതിയിലുള്ള ആറ് അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയാറാക്കിയിട്ടുള്ളത്. ഒന്നര സെന്റ് മുതല്‍ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് അങ്കണവാടി കെട്ടിടം ഡിസൈന്‍ ചെയ്തിട്ടുള്ളത്. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ള അങ്കണവാടികള്‍ക്ക് ഉദ്യാനം, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍ എന്നീ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.