‘ഉദുമയില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം’കെ സുധാകരനെ തിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കാസര്‍കോട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തതിന് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. 2016ല്‍ ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരനെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കേസില്‍ കെ. സുധാകരന് ഹോസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തി ജാമ്യം എടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സുധാകരന് മണ്ഡലത്തിലെ ഒരു കുടുംബയോഗത്തില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സി.പി.എമ്മുകാര്‍ എല്ലായിടത്തും കള്ളവോട്ട് ചെയ്യുന്നതുപോലെ ഉദുമ പിടിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകരും ആ മാര്‍ഗ്ഗം സ്വീകരിക്കണമെന്നും മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വോട്ട് ചെയ്യണമെന്നും സുധാകരന് പ്രസംഗിച്ചെന്നാണ് ആരോപണം.”അവിടെ, മരിച്ചവരുടെ വോട്ട് ചെയ്യുകയാണെങ്കില്‍, അവിടെ വിദേശത്തുള്ളവരുടെ വോട്ട് ചെയ്യുകയാണെങ്കില്‍ ഇവിടെയും…….” എന്ന് കെ സുധാകരന് പറഞ്ഞതായാണ് വാദിഭാഗം കോടതിയെ അറിയിച്ചത്. 2016 മെയ് 16നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്.
കുടുംബ യോഗത്തിലെ പ്രസംഗം വീഡിയോ ദൃശ്യങ്ങളായി പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്. പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്, മുതിര്‍ന്ന അഭിഭാഷകന് സി. ശ്രീകുമാര്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെ സുധാകരന് വേണ്ടി അഡ്വക്കേറ്റ് വിനോദ് കുമാര്‍ ചീമേനിയാണ് ഹാജരായത്.