ഗവർണറാകാനില്ല, മുഖ്യമന്ത്രിയാകാൻ തയ്യാർ, താത്പര്യം പാലക്കാട്ടുനിന്ന് മത്സരിക്കാൻ,ആഗ്രഹം പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ
ന്യൂഡൽഹി: മുഖ്യമന്ത്രിയാകാൻ തയ്യാറെന്നും ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻ സിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ല. ബി ജെ പിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് ബി ജെ പിയിൽ ചേർന്നത്. അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും’- അദ്ദേഹം പറഞ്ഞു. പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും ഇ ശ്രീധരൻ സൂചിപ്പിച്ചു.കഴിഞ്ഞദിവസമാണ് ബി.ജെ.പി യിൽ ചേരുമെന്ന് ഇ.ശ്രീധരൻ വ്യക്തമാക്കിയത്. നാടിന് നല്ല കാര്യങ്ങൾ ചെയ്യാനാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാളെന്ന പ്രതിച്ഛായയുള്ള താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് പാർട്ടിയിലേക്കുണ്ടാവും. ബി.ജെ.പിയുടെ ഇമേജ് വർദ്ധിക്കും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. അധികാരം ജനസേവനത്തിന് അനിവാര്യമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു. ബി.ജെ.പിക്ക് മാത്രമേ കേരളത്തിൽ ഇനിയെന്തെങ്കിലും ചെയ്യാനാവൂ. എൽ.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിന്റെ വികസനത്തിൽ താത്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.