വിദ്യാശ്രീ പദ്ധതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണോദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിച്ചു.
കാഞ്ഞങ്ങാട്:: സംസ്ഥാന സർക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ആരംഭിച്ചു. അഞ്ചുലക്ഷം വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ ലാപ്ടോപ് നൽകുകയാണ് ലക്ഷ്യം.ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവ്വ ഹിച്ച ശേഷം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ജില്ലാതല വെർച്വൽ ഉദ്ഘാടനം നിർവ്വഹിച്ചു.
. ജില്ലാതല ലാപ്ടോപ്പ് വിതരണം കാഞ്ഞങ്ങാട് വ്യാപാരി ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ നിർവ്വഹിച്ചു.
മേരി കുട്ടി സെബാസ്റ്റ്യൻ ആധ്യക്ഷം വഹിച്ചു.ചടങ്ങിൽ പത്ത് കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.
ആദ്യഘട്ടത്തിൽ കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കൊക്കോണിക്സാണ് വിതരണം ചെയ്തത്. 14 ജില്ലയിലായി 200 പേർക്ക് ഉദ്ഘാടന ദിവസം ലാപ്ടോപ് നൽകി.
കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മാസം 500 രൂപ വീതം 30 മാസം പണം അടയ്ക്കണം. മാസത്തവണ മുടങ്ങാതെ അടയ്ക്കുന്നവർക്ക് ഇളവും നൽകും. ആദ്യ മൂന്നുമാസം പണമടച്ചാൽ ലാപ്ടോപ് ലഭിക്കും. 1,44,000 പേരാണ് ഇതുവരെ പദ്ധതിയിൽ ചേർന്നത്. ഇതിൽ 1,23,000 പേർ ലാപ്ടോപ് വാങ്ങാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
18,000 രൂപ വരെയാണ് ലാപ്ടോപ്പിന്റെ വില. കൊക്കോണിക്സാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ് നൽകുന്നത്–- 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്പി (17,990), ഏസർ (17,883) എന്നീ കമ്പനികളുടെ ലാപ്ടോപ്പുമുണ്ട്. 15,000ൽ കൂടുതലുള്ളവയ്ക്ക് അധികതുക അടയ്ക്കണം. മൂന്നു വർഷത്തെ വാറന്റിയും ലഭിക്കും.