മദ്യപിക്കാൻ പണം നൽകിയില്ല വയോധികരായ മാതാപിതാക്കൾക്ക് നേരെ ക്രൂര മർദനം, മകൻ അറസ്റ്റിൽ
കൊല്ലം: വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂര മർദനം. മദ്യപിക്കുന്നതിന് പണം നൽകാത്തതിനാണ് മകൻ വയോധികരായ അച്ഛനെയും അമ്മയെയും ഉപദ്രവിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പട്ടത്താനത്ത് ആണ് സംഭവം.
റിട്ടയേര്‍ഡ് അധ്യാപകരായ ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി.
പ്രതി പട്ടത്താനം സ്വദേശി ജോൺസൺ വിദേശത്തായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ തിരിച്ചെത്തി. മദ്യപിക്കാൻ പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെ ക്രൂരമായി മർദിക്കും. ഇത് പതിവായതോടെ അയൽവാസികൾ ദ്യശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ദൃശ്യങ്ങൾ കണ്ട പൊലീസ് സ്ഥലത്ത് എത്തി വയോധികരുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. പിതാവിനെ ജോൺസന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വീട്ടിൽ തന്നെയാക്കി. മാതാവിനെ തിരുവനന്തപുരത്തു താമസിക്കുന്ന മകൾക്കൊപ്പം അയച്ചു.