കമിതാക്കള്‍ക്ക് ഡേറ്റിങ്ങിന് കോഫിഷോപ്പുകള്‍; പ്രകടന പത്രികയിലെ കോണ്‍ഗ്രസിന്റെ വാഗ്ദാനം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ബി.ജെ.പി
വഡോദര: ഗുജറാത്തിലെ വഡോദര തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ ബി.ജെ.പി. യുവാക്കള്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണമാണ് ബി.ജെ.പിയുടെ പ്രചരണ ആയുധം.
കമിതാക്കള്‍ക്ക് സല്ലപിക്കാന്‍ കോഫി ഷോപ്പുകള്‍ എന്നതാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഭയമില്ലാെത യുവജനങ്ങള്‍ക്ക് സംസാരിക്കാന്‍ ഇടമൊരുക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം.
എന്നാല്‍ ഇത്തരം കോഫി ഷോപ്പുകള്‍ ഇന്ത്യന്‍ മൂല്യങ്ങളെ തകര്‍ക്കുമെന്നും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നും ബി.ജെ.പി ആരോപിച്ചു.
‘കോണ്‍ഗ്രസ് ഇന്ത്യന്‍ സംസ്കാരത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഡേറ്റിങ് ഒരു പാശ്ചാത്യ സംസ്കാരമാണ്. പാശ്ചാത്യ സമൂഹത്തിന് ഡേറ്റിങ് ആവശ്യമാണ്. കാരണം അവരില്‍ കൂടുതല്‍പേരും കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ പ്രത്യേകിച്ച് ഗുജറാത്തില്‍ എല്ലാവരും കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. കുടുംബവുമായി അവര്‍ സമയം ചെലവഴിക്കുന്നു. അതിനാല്‍ ഇത്തരം ഡേറ്റിങ് ഇവിടെ ആവശ്യമില്ല’ -വഡോദര ബി.ജെ.പി പ്രസിഡന്റ് വിജയ് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടന പത്രിക യുവജനങ്ങളെ വഴിതെറ്റിക്കും. ഡേറ്റിങ്ങിന് പിന്നാലെ മദ്യവും മയക്കുമരുന്നിനെയും പ്രോത്സാഹിപ്പിക്കും. ഹിന്ദു പെണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ നടക്കുന്ന ഒരു സമൂഹമുണ്ട്. ഇത്തരം ഡേറ്റിങ്ങുകള്‍ പിന്നീട് ലവ് ജിഹാദായി മാറും. അടുത്ത നിയമ സഭ തെരഞ്ഞെടുപ്പില്‍ ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്നും ഷാ പറഞ്ഞു.
എന്നാല്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് തള്ളി. സമൂഹം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മാറ്റം ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ശ്രീവാസ്തവ പറഞ്ഞു.
ഗുജറാത്തിലെഘ ആറുനഗരങ്ങളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 21നാണ് വോട്ടെടുപ്പ്. അഹ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര, ജാംനഗര്‍, ഭാവ്നഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.