മത്സ്യബന്ധനത്തിന് 5000 കോടിയുടെ കരാര്‍: പുതിയ അഴിമതി ആരോപണവുമായി ചെന്നിത്തല,
നിഷേധിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ
ആലപ്പുഴ: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും.
സ്പ്രീംഗ്ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കരാര്‍ ഒപ്പിടും മുമ്പ് എല്‍.ഡി.എഫിലോ മന്ത്രിസഭയിലേ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഡാലോചനയാണ് നടത്തിയത്. ഈ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ്. 2018ല്‍ ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാര്‍. ചെന്നിത്തല പറഞ്ഞു.
അതിനിടെ, ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്നവുമില്ല. പരമ്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഎന്‍ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയില്‍ പോയത്. യുഎന്‍ പരിപാടിയില്‍ അല്ലാതെ മറ്റാരോടും അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആരെങ്കിലും കത്ത് പുറത്തുവിട്ടാല്‍ നമുക്ക് എന്താണ് കാര്യമെന്നും വ്യവസായ മന്ത്രിക്ക് കമ്പനി അയച്ച കത്ത് സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
മത്സ്യതൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ വിദേശി ഡിസി ട്രോളറുകള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പരമ്പരാഗ തൊഴിലാളിയുടെ അവകാശം ഘനിക്കുന്ന ഒരുകാര്യവും കേരളം ചെയ്യില്ലെന്നും ഇത് അസംബന്ധ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.