കുടുംബശ്രീ മാട്രിമോണി നീലേശ്വരത്ത് പ്രവര്‍ത്തനമാരംഭിച്ചു
നീലേശ്വരം:സംസ്ഥാന തലത്തില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിച്ച കുടുംബശ്രീ വൈവാഹിക സഹായ സംവിധാനമായ കുടുംബശ്രീ മാട്രിമോണിയുടെ സേവനം നിരവധിപേരാണ് ഇതിനോടകം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാട്രിമോണി നീലേശ്വരത്തും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നഗരസഭ വൈസ് ചെയര്മാന് മുഹമ്മദ് റാഫി മാട്രിമോണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നീലേശ്വരം മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം കുടുംബശ്രീ ഹാളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് തികച്ചും സൗജന്യമാണ് രജിസ്ട്രേഷന്. പരുഷന്മാര്ക്ക് ജോലിയുടെയും വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുന്നത്. ഒരു വര്‍ഷത്തേക്ക് മിനിമം 750 രൂപയാണ് രജിസ്ട്രേഷന് ഫീസ്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മാട്രിമോണിയുടെ സേവനം പ്രയോജനപ്പെടുത്താം. കുടുംബശ്രീ മാട്രിമോണി ബ്യൂറോ പ്രവര്‍ത്തിക്കുന്നത് നീലേശ്വരത്തെ കുടുംബശ്രീ സിഡിഎസ് ഹാളിലാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഓഫീസ് പ്രവര്‍ത്തനം.സിഡിഎസ് അംഗങ്ങളായ പി സൗദാമിനി, കെ അനിത എന്നിവരാണ് നേതൃത്വം നല്‍കുന്നത്. മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പ്രൊഫൈലിലെ ആധികാരികത കുടുംബശ്രീ നെറ്റ്വര്‍ക്ക് വഴി ഉറപ്പ് വരുത്താന്‍ സാധിക്കുന്നതിനാലാണ് പദ്ധതിക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്.നിരവധി പേരാണ് മാട്രിമോണി വഴി തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തിയിരിക്കുന്നത്. ഇനി നീലേശ്വരത്തും സമീപ പ്രദേശത്ത് ഉള്ളവര്‍ക്കും മാട്രിമോണി വഴി തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നത് എളുപ്പമാകും. പരിപാടിയില്‍ വെച്ച് യുവകേരളം ജോലിയില്‍ പ്രവേശിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കുടുംബശീ സി ഡി എസ് മെമ്പര്‍ സെക്രട്ടറി മെമ്പര്‍മാരായ ഷംസുദ്ദീന് അരിഞ്ചിറ, പി പി ലത, പി ബിന്ദു, നീലേശ്വരം കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ ഗീത എന്നിവര്‍ സംസാരിച്ചു