യുവാക്കൾക്ക് പ്രാധാന്യം നൽകും, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: കോടിയേരി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനം തികച്ചും വ്യക്തിപരമാണ്. ബാക്കി കാര്യങ്ങൾ പാർട്ടി പറയുമെന്നും കോടിയേരി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് കോടിയേരി പറഞ്ഞു. തുടർച്ചയായി രണ്ടുതവണ ജയിച്ചവർ മാറും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവുനൽകേണ്ടി വരും. ചില മണ്ഡലങ്ങളിൽ വിജയസാധ്യതയായിരിക്കും പ്രധാന ഘടകമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് കോടിയേരി പ്രതികരിച്ചില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിന്നത്. താൽക്കാലിക സെക്രട്ടറിയായി എ.വിജയരാഘവനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ.
2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ല്‍ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു.