ഭാര്യയുമായി വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മംഗളൂരു യുവാവിനെ കൊലപ്പെടുത്തിയ കേസ് : മഞ്ചേശ്വരം സ്വദേശിക്കും കൂട്ടാളിക്കും ജീവപര്യന്തം കഠിനതടവ്.
മംഗളൂരു: ഭാര്യയുമായി അടുപ്പം കാണിക്കുന്നതിനെ ചോദ്യം ചെയ്ത മംഗളൂരു സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ച്
തലയില്‍ പാറക്കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയെയും കട്ടാളിയെയും മംഗ്ലൂരു കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേശ്വരം ഹൊസങ്കടിയിലെ നാഗരാജ് ഗോവിന്ദപ്പ ലമാനി (28), മംഗളൂരു രണബെന്നൂര്‍ ഹനുമാപുരയിലെ വീരേഷ് ശിവപ്പ ലമാനി (32) എന്നിവരെയാണ് മംഗളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. രണബെന്നൂരിലെ രേഖപ്പ ലമാനിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. രണ്ടുപേരും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2016ല്‍ പണ മ്പൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാഗരാജ് ഗോവിന്ദപ്പ ലമാനിയുടെ ഭാര്യയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവായിരുന്നു രേഖപ്പ. ഹൊസങ്കടിയില്‍ താമസിച്ചിരുന്ന നാഗരാജ് കൂലിവേല ചെയ്തുവരികയായിരുന്നു. ഇതിനിടെ ഭാര്യ സാവിത്രിയെയും കൂട്ടി രേഖപ്പ നാഗരാജിന്റെ ഹൊസങ്കടിയിലെ വീട്ടിലെത്തുകയും കുറച്ചുദിവസം ഇവിടെ താമസിക്കുകയും ചെയ്തു. സാവിത്രിയുമായി നാഗരാജ് അടുപ്പം കാണിക്കുന്നത് ശ്രദ്ധയില്‍പെട്ട രേഖപ്പ ഇതിനെ ചോദ്യം ചെയ്യുകയും ഭാര്യയെയും കൂട്ടി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയും ചെയ്തു. 2016 സെപ്തംബര്‍ 4ന് ഇരുവരും തിരിച്ചുപോകാന്‍ തയ്യാറായതോടെ സാവിത്രിയുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവരുമെന്നതിനാല്‍ നാഗരാജ് സുഹൃത്ത് വീരേഷിനൊപ്പം കൊലപാതക പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രേഖപ്പയെ നാഗരാജും വീരേഷും മംഗളൂരുവിലേക്ക് കൊണ്ടുവരികയും ഒരു ബാറില്‍ കയറി മൂന്നുപേരും മദ്യപിക്കുകയും ചെയ്തു. രേഖപ്പയെ നിര്‍ബന്ധിച്ച് കൂടുതല്‍ മദ്യപിപ്പിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി പനമ്പൂരിലേക്ക് കൊണ്ടുവന്നു. വിജനമായ സ്ഥലത്ത് നിര്‍ത്തിയ ഓട്ടോറിക്ഷ പറഞ്ഞുവിട്ട ശേഷം രേഖപ്പയെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും പാറക്കല്ല് തലക്കിട്ട് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. രണ്ട് ദിവസത്തിന് ശേഷമാണ് രേഖപ്പയുടെ മൃതദേഹം പനമ്പൂരില്‍ കണ്ടെത്തിയത്. തല തകര്‍ന്ന നിലയിലായിരുന്നു. പനമ്പൂര്‍ സ്റ്റേഷനിലെ അന്നത്തെ പൊലീസ് ഇന്‍സ്പെക്ടര്‍ എ.സി ലോകേഷ് ആണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 22 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകത്തിന് ദൃക്സാക്ഷികളില്ലാത്തതിനാല്‍ ജഡ്ജി ബസപ്പ ബാലപ്പ സാഹചര്യതെളിവുകളെ അടിസ്ഥാനമാക്കിയാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതികള്‍ 10,000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. ഈ പണം രേഖപ്പ ലമാനിയുടെ ഭാര്യ സാവിത്രിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. സാവിത്രിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റിക്കും നിര്‍ദേശം നല്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ നാരായണ സെരിഗാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.