യുപിയിൽ വിവാഹ ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി, ഒരാൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം
ലക്നൗ: സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് ഒരു നിമിഷത്തെ അശ്രദ്ധയിൽ അവസാനിച്ചത് കണ്ണീരോടെ. ഉത്തർപ്രദേശിലെ മുസഫർ നഗർ ജില്ലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ അപകടമുണ്ടായത്. വധുവിന്റെ വീട്ടുകാരുടെ വിവാഹാഘോഷ പരിപാടിയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. വധു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൺറൂഫ് ഉള്ള വെള്ള കാറിൽ നിന്ന് വധു നൃത്തം ചെയ്യുകയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്.
വിവാഹ വസ്ത്രം ധരിച്ച് സൺ ഗ്ലാസ് വച്ച് പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ് വധു. പതിയെ നീങ്ങുന്ന കാറിന് ചുറ്റും നിരവധി ആളുകളുണ്ട്. ഇതിനിടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉറക്കെയുള്ള കരച്ചിലിലാണ് വീഡിയോ അവസാനിക്കുന്നത്.