തൃക്കണ്ണാട് ആറാട്ടുത്സവം നിബന്ധനകൾക്ക് വിധേയമായി നടത്താൻ തീരുമാനം
പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നിലവിലെ കോവിഡ് വ്യാപന നിബന്ധനകൾ പാലിച്ച് ചടങ്ങിൽ ഒതുക്കി നടത്തുവാൻ ട്രസ്റ്റി ബോർഡ് വിളിച്ചു ചേർത്ത സംയുക്ത യോഗത്തിൽ തീരുമാനിച്ചു. വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരും ഭാരവാഹികളും ഉത്സവവുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരും ആഘോഷകമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ബാലകൃഷ്ണൻ നായർ, മെമ്പർമാരായ അരവത്ത് കെ. ശിവരാമൻ മേസ്ത്രി, മൻമോഹൻ ബേക്കൽ, എക്സിക്യൂട്ടീവ് ഓഫീസർ
കെ.ബാബു, മേൽശാന്തി നവിൻചന്ദ്ര
കായർത്തായ തുടങ്ങിയവർ പ്രസംഗിച്ചു. ജനബാഹുല്യം പരമാവധി പരിമിതപ്പെടുത്തി ഉത്സവം ചടങ്ങിൽ മാത്രം ഒതുക്കാനാണ് തീരുമാനം.
27ന് രാവിലെ 8ന് ആറാട്ട് ഉത്സവത്തിന് ഓലയും കുലയും കൊത്തൽ ചടങ്ങ്. മാർച്ച് 3ന് രാവിലെ
6ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ നിന്ന് തിടമ്പ് എഴുന്നള്ളത്ത് പുറപ്പെടും.25 പേർ മാത്രമേ എഴുന്നള്ളത്തിനെ അനുഗമിക്കാവൂ.8 മണിക്ക് നടക്കുന്ന കൊടിയേറ്റത്തിൽ 100 പേർക്ക് മാത്രമേ ക്ഷേത്ര മതിൽകെട്ടിനകത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ. 6ന് അഷ്ടമി വിളക്ക് നാളിൽ ബേക്കൽ കുറുംബ, കോട്ടിക്കുളം കുറുംബാ ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളത്തുകൾ രാത്രി 7.15 നും 7.45 നും നടയിൽ എത്തണം. കൂടെ 15 പേർക്കു മാത്രം അനുവാദം.
8ന് പള്ളിവേട്ട ദിവസം രാവിലെ 10മണിക്ക് നാഗപൂജ. രാത്രി 7.30ന് 15 മിനിറ്റ് ദൈർഘ്യമുള്ള കോൽക്കളിയിൽ 10 പേർക്കു പങ്കെടുക്കാം.7.45ന് കടപ്പുറത്ത് കട്ടയിൽ നടക്കുന്ന ഭജന 10 മിനിറ്റിൽ ഒതുങ്ങും. തിരിച്ചെഴുന്നളത്ത് സമയത്ത് ആചാരത്തിന്റെ ഭാഗമായി നാല് കഴകക്കാർ ഒരു തിരി വീതം മാത്രമേ കത്തിക്കാൻ പാടുള്ളൂ.
9ന് ആറാട്ടുത്സവ നാളിലെ എഴുന്നള്ളത്ത് വൈകുന്നേരം 6ന് ക്ഷേത്രത്തിൽ നിന്ന് ആറാട്ടുകടവിലേക്ക് പുറപ്പെടും.50 പേർ മാത്രമേ എഴുന്നള്ളത്തിനെ അനുഗമിക്കാൻ പാടുള്ളൂ. 9 മണിക്ക് തിരിച്ചെഴുന്നള്ളത്തിന് ശേഷം മണ്ഡപത്തിലെ ഭജന 10 മിനിറ്റ് മാത്രം.
11 മണിക്ക് ഉത്സവം കൊടിയിറങ്ങും.
10ന് വൈകുന്നേരം 5ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി തെയ്യംകൂടൽ. 11ന് മഹാശിവരാത്രി ദിവസം രാവിലെ 5.30 ന് മൂവാളംകുഴി ചാമുണ്ഡി തെയ്യം.ഒരു മണിക്കൂറിനകം പൂജാസമയത്ത് തെയ്യം ക്ഷേത്ര നടയിൽ എത്തണം.
ആറാട്ടുത്സവത്തിന്റെ തുടർച്ചയായി നടക്കുന്ന പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് മാർച്ച് 10ന് കൊടിയേറും