കൊലക്കേസ് പ്രതിയുടെ തല വെട്ടിയെടുത്ത് വീടിനുമുന്നിൽ പ്രദർശിപ്പിച്ച് ഗുണ്ടാസംഘം, പൊലീസിനെ ആക്രമിച്ച സംഘത്തലവൻ വെടിയേറ്റുമരിച്ചു
സിനിമയെ വെല്ലുന്ന സംഭവം തമിഴ്നാട്ടിലെ കടലൂരിൽ
ചെന്നൈ: കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നിൽ കൊണ്ടുവച്ച ഗുണ്ടാത്തലവൻ പൊലീസുമായുളള ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ചു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. കൃഷ്ണ എന്ന 31കാരനാണ് വെടിയേറ്റുമരിച്ചത്. ആറുവർഷം മുമ്പ് തന്റെ അടുത്ത ബന്ധുവായ സതീഷ് കുമാർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീരംഗനെയാണ് കൃഷ്ണയുടെ നേതൃത്വത്തിലുളള സംഘം വെട്ടിക്കൊന്നത്. കൊലയ്ക്കുശേഷം വീരംഗന്റെ തല വെട്ടിയെടുത്ത് സതീഷ് കുമാറിന്റെ വീടിനുമുന്നിൽ കൊണ്ടുവയ്ക്കുകയും ചെയ്തു. പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൃഷ്ണ വെടിയേറ്റുമരിച്ചത്. തന്റെ ബന്ധുകൊല്ലപ്പെട്ട ദിനം തന്നെ ഇതിന് പ്രതികാരം ചെയ്യുമെന്ന് കൃഷ്ണ പ്രതിജ്ഞ എടുത്തിരുന്നു.കാെലപാതകമുൾപ്പടെ നിരവധി ക്രിമിനൽകേസുകളിലെ പ്രതിയാണ് വീരംഗൻ. അടുത്തിടെ വിവാഹിതനായ ഇയാൾ ഗുണ്ടാപ്പണി മതിയാക്കി കടലൂരിൽ ജ്യൂസ് കട നടത്തുകയാണ്. രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തല വെട്ടിയെടുത്ത് സതീഷ് കുമാറിന്റെ വീടിനു മുന്നിൽ കൊണ്ടുവച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ പിടികൂടി.കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി കുമുടിയൻകുപ്പത്ത് എത്തിച്ചപ്പോൾ കൃഷ്ണ പൊലീസ് ഇൻസ്പെക്ടറെ അക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൃഷ്ണ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാസംഘത്തിലുളള കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൃഷ്ണയുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.