പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ പുതിയ കെട്ടിടത്തിൽ 100 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി വിഭാഗം സജ്ജമായി, ഉദ്ഘാടനം നാളെ.
കാഞ്ഞങ്ങാട്:ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പടന്നക്കാട് പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം 19ന് പകല്‍ 10. 30ന് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം പണിതത്. നൂറു കിടക്ക സൗകര്യമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിന് നാലു കോടി രൂപയാണ് വകയിരുത്തിയത്.
നിലവില്‍ 50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമെ മൂന്നു നിലകളിലായി ഓഫീസ് റൂം, ലബോറട്ടറി, ഫിസിയോതെറാപ്പി റൂം, ഔഷധി ഔട്ട്ലെറ്റ്, മൈനര്‍ ട്രീറ്റ്മെന്റ് റൂം, പഞ്ചകര്‍മ റൂം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡോക്ടേഴ്സ് ഡ്യൂട്ടി റും, നേഴ്സ് ഡ്യൂട്ടി റൂം, സ്റ്റാഫ് ഡ്യൂട്ടി റൂം, റസ്റ്റ് റൂം, 25 ബെഡ് വാര്‍ഡ്, ബൈസ്റ്റാന്ഡേഴ്സിനായി റസ്റ്റ് റൂം, പ്രത്യേക ടോയല്റ്റ്ബ്ലോക്കുകള് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മൂന്നാം നിലയില്‍ എട്ടു മുറികളും പ്രത്യേകം ടോയ്ലെറ്റ് സൗകര്യങ്ങളുമുണ്ട്. നാലു കോടി ചെലവിട്ടുള്ള ആശുപത്രിയില്‍ 100 കിടക്കകളുള്ള സൗകര്യമൊരുക്കും.