അഭിമന്യൂ കുടുംബ സഹായ ഫണ്ട് വകമാറ്റി ചിലവഴിച്ചതായി യൂത്ത് ലീഗ് പരാതി
കോഴിക്കോട്:മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യൂ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എം സംഘടിപ്പിച്ച അഭിമന്യൂ കുടുംബ സഹായ ഫണ്ട് കലക്ഷന്‍ വകമാറ്റി ചിലവഴിച്ചതായി യൂത്ത് ലീഗ് പരാതി. മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.ഐ.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെതിരെയുമാണ് യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകിയത്.
ഇടുക്കി ജില്ല കമ്മറ്റി മുഖേന 71 ലക്ഷം രൂപയും എറണാകുളം ജില്ല കമ്മറ്റി ഫെഡറല്‍ ബാങ്ക് അക്കൌണ്ട് മുഖേന 2,39,74,881 രൂപയും എസ്.എഫ്.ഐ മുഖേന 35 ലക്ഷം രൂപയും സമാഹരിച്ചിട്ടുണ്ട് എന്നാണ് സി.പി.എം അറിയിക്കുന്നത്. എന്നാല്‍ കേവലം 60 ലക്ഷം രൂപയോളം മാത്രമാണ് വീട് വെക്കാനും കുടുംബത്തിന്റെ മറ്റു ആവശ്യങ്ങള്‍ക്കുമായി പാര്‍ട്ടി വിനിയോഗിച്ചിട്ടുള്ളതെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. ഇതില്‍ നിന്ന് രണ്ട് കോടി എഴുപത് ലക്ഷം രൂപയോളം വകമാറ്റി ചിലവഴിച്ചതായി യൂത്ത് ലീഗ് പരാതിയില്‍ ആരോപിക്കുന്നു. ഇത് കൂടാതെ ദല്‍ഹി കലാപ ബാധിതരെ സഹായിക്കാനെന്ന പേരില്‍ നടത്തിയ പണപിരിവിലൂടെ സി.പി.ഐ.എം അഞ്ച് കോടി മുപ്പത് ലക്ഷത്തി എഴുപത്തി നാലായിരത്തി എഴുന്നൂറ്റി എഴുപത്തിയൊമ്പത് (5,30,74,779) രൂപ സമാഹരിച്ചതായും ഈ ഫണ്ടും സുതാര്യമായ രീതിയിലല്ല വിനിയോഗിച്ചതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും അഴിമതി നടത്തുക എന്ന ലക്ഷ്യവും വെച്ച് നടത്തിയ ഫണ്ട് ശേഖരത്തിനെതിരെ ഐ.പി.സി 420 വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെട്ടു. കുന്ദമംഗലം പൊലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്.