നിയമന വിവാദം; സര്‍ക്കാര്‍ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന്:ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം:താത്കാലികക്കാരെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവച്ച സര്‍ക്കാര്‍ തീരുമാനം സ്വമനസാലെ അല്ലെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് എന്തും ചെയ്യാം എന്ന ധിക്കാരമായിരുന്നു. കേരളത്തില്‍ അത് നടക്കില്ലെന്ന് മനസിലായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്ക്കാന് കഴിയാതെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്നും പകരം റാങ്ക് ലിസ്റ്റില്ലാതെയാണ് 131 പട്ടിക റദ്ദാക്കിയതെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
അതേസമയം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം ഉണ്ടായത്. സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശകളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. എന്നാല്‍ ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിച്ചത്.