മരണപ്പെട്ട നാലരവയസുകാരന്റെ ശരീരത്തിൽ വിഷാംശം കടന്നതായി വിദഗ്ദ്ധ പരിശോധനയിൽ തെളിഞ്ഞു
അമ്മയും ഇളയമ്മയും ആസ്പത്രിയിൽ, കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്
കാഞ്ഞങ്ങാട്:അജാനൂർ കടപ്പുറത്തെ നാലര വയസുകാരൻ അദ്വൈതിന്റെ മരണത്തിന് പിന്നാലെ അമ്മയെയും ഇളയമ്മയെയും ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്വൈതിന്റെ അമ്മ വർഷ (28), വർഷയുടെ സഹോദരി ദൃശ്യ(19) എന്നിവരെയാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. വർഷയെ കോഴിക്കോട് മിംസിലും ദൃശ്യയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുടുംബം ഐസ്ക്രീമിൽ വിഷം ചേർത്ത് കഴിച്ചതായാണ് സംശയിക്കുന്നത്. നാല് ദിവസം മുമ്പ് ഛർദ്ദിയെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആസ്പത്രിയിൽ എത്തിച്ചപ്പോഴാണ് അദ്വൈത് മരിച്ചത്. ന്യൂമോണിയ ബാധിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
വിദഗ്ധ പരിശോധനയിലാണ്
ശരീരത്തിൽ വിഷാംശം
കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. കുട്ടി
മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് വർഷക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അതിനിടെ അടുത്ത ബന്ധുവിനോട് വിഷം കഴിച്ചിരുന്നതായി പറഞ്ഞിരുന്നുവത്രെ. ഇതേ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ്
അവസ്ഥ ഗുരുതരമാണെന്ന്
അറിഞ്ഞത്. പിന്നീട് കോഴിക്കോട്ടേക്ക്
കൊണ്ടുപോയി. ദൃശ്യയെ അദ്വൈത് മരിച്ചതിന് പിറ്റേന്ന് ആസ്പത്രിയിലേക്ക്
കൊണ്ടുപോയതായിരുന്നു. അതിനിടെ ഹൊസൂർഗ് പൊലീസ് ഇന്നലെ വർഷയുടെ മൊഴി എടുക്കുന്നതിനായി കോഴിക്കോട്ടേക്ക് പോയിരുന്നു. കുമ്പളയിലെ മഹേഷിന്റെ ഭാര്യയാണ് വർഷ. വിഷം കഴിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു. അതിനിടെ അദ്വൈതിന്റെ സഹോദരൻ നിസാനെ കൂടുതൽ പരിശോധനക്കായി ആസ്പത്രിയിലേക്ക് കൊണ്ടുപോകും.