കൊടിയത്തൂരില്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ മുഹ്സിലയും കുടുംബവും കഴിഞ്ഞിരുന്നത് കഷ്ടപ്പാടുകളുടെ നടുക്ക്.
കോഴിക്കോട്; കൊടിയത്തൂരില്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ മുഹ്സിലയും കുടുംബവും കഴിഞ്ഞിരുന്ന് കഷ്ടപ്പാടുകളുടെ നടുക്ക്. മുഹസിലയുടെ പിതാവ് മാനസികപ്രശ്നങ്ങളുള്ള വ്യക്തിയായിരുന്നു. പിതാവ് നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. മാതാവ് തൊഴിലുറപ്പ് ജോലിക്ക് പോയിട്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്.
ഊര്‍ങ്ങാട്ടിരി ചൂളാട്ടിപ്പാറ ഉളിക്കല്‍ മുജീബിന്റെയും ഖദീജയുടെയും രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട മുഹ്സില. ഇവരുടെ ഏക ആണ്‍കുട്ടിയും കുടുംബത്തിലെ മൂത്തമകനുമായ മുഹ്സില്‍ റഹ്മാന് നഴ്സിങ് വിദ്യാര്‍ത്ഥിയാണ്. 10-ാം ക്ലാസ് വരെ സ്വന്തം വീട്ടില്‍ നിന്ന് പഠിച്ചിരുന്ന മുഹ്സില 10-ാം ക്ലാസിന് ശേഷം കുനിയില്‍ എന്ന സ്ഥലത്തുള്ള അറബിക് കോളേജിലാണ് പഠിച്ചിരുന്നത്. ഈ സമയത്ത് കോളേജിന് സമീപത്തുള്ള ഉമ്മയുടെ വീട്ടിലായിരുന്നു താമസം.
ഉമ്മയുടെ കുടുംബമാണ് മുഹ്സിലക്കും കുടുംബത്തിനും ആവശ്യമായ സഹായങ്ങളെല്ലാം ചെയ്ത് നല്‍കിയിരുന്നത്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 19 വയസ്സ് തികഞ്ഞപ്പോള്‍ തന്നെ വിവാഹ ആലോചനകള്‍ വന്ന് തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെയാണ് ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷഹീറിന്റെ ആലോചനയും വന്നത്. ഇരുവരും തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഷഹീറിന് നാല് സഹോദരങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്ന് പേര് തൊട്ടടുത്ത് തന്നെ വീട് വെച്ച് താമസിക്കുന്നവരാണ്. ഇവരോടെല്ലാം വളരെ സ്നേഹത്തിലാണ് ഷഹീര്‍ കഴിഞ്ഞിരുന്നത്. വീട്ടിലെ എന്താവശ്യത്തിനും ഷഹീര്‍ ഓടിയെത്തുമായിരുന്നു എന്ന് സഹോദരങ്ങള്‍ പറയുന്നു.
ഒരു നിമിഷത്തെ പ്രകോപനമോ മറ്റെന്തെങ്കിലുമോ ആകാം ഷഹീറിനെ കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത് എന്നാണ് അയല്‍വാസികള്‍ പറയുന്നത്. കൊലപാതകത്തിന് ശേഷം വാതില്‍ തുറന്ന് ഓടിയ ഷഹീറിനെ പിടികൂടിയത് സഹോദരങ്ങള്‍ ചേര്‍ന്നാണ്. എന്നാല്‍ പൊലീസെത്തി വിലങ്ങണിയച്ച് ഷഹീറിനെ കൊണ്ടുപോകുന്നത് കണ്ട് നില്ക്കാന് സഹോദരങ്ങള്‍ക്കായില്ല.