പടക്കൊരുങ്ങി യൂസഫ് പടനിലം, കഠ്വ ഫണ്ട് തിരിമറിയിൽ യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരെ കുന്നമംഗലം പോലീസ്
കേസെടുത്തു
കോഴിക്കോട് :കഠ്വ ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. യൂത്ത് ലീഗില്‍ നിന്ന് പുറത്തുപോയ യൂസഫ് പടനിലം നല്കിയ പരാതിയിലാണ് കേസെടുത്തത്. പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ. ഫിറോസ് പ്രതികരിച്ചു.
ഐ.പി.സി സെക്ഷന്‍ 420 അനുസരിച്ച് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്.
കഠ്വ ബലാത്സംഗ കേസിലെ ഇരയുടെ കുടുംബത്തെ സഹായിക്കാനും നിയമ നടപടികള്‍ക്കുമായി സമാഹരിച്ച പണം വകമാറ്റി ചിലവഴിച്ചുവെന്നാണ് യൂസഫ് പടനിലം ആരോപിക്കുന്നത്. യൂസഫ് പരസ്യമായി ഉന്നയിച്ച ആക്ഷേപത്തിന് മറുപടിയുമായി യൂത്ത് ലീഗ് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. പണം നിയമനടപടികള്‍ക്കായി അഭിഭാഷകന് കൈമാറിയെന്നായിരുന്നു യൂത്ത്ലീഗിന്റെ വിശദീകരണം. എന്നാല്‍, പണം വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു യൂസഫ് പടനിലം.