താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോ? 10 ദിവസത്തിനകം അറിയിക്കണം: ഹൈക്കോടതി
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരേ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങളുണ്ടോ എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികള്‍ കാത്ത് നില്ക്കുമ്പോള് സര്‍ക്കാര്‍ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്.
കൊല്ലം സ്വദേശികളായ ഫൈസല്‍, വിഷ്ണു എന്നിവരാണ് ഹര്‍ജി നല്‍കിയത്.പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നിഷേധിച്ച് താല്‍ക്കാലികക്കാര്‍ക്ക് നിയമനം നല്‍കുന്നത് ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ് പ്രകാരം കെല്‍ട്രോണില്‍ 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.