ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കാഞ്ഞങ്ങാട് സ്വദേശികൾക്ക് മൂന്നരക്കോടി നഷ്ടപ്പെട്ടു
കാഞ്ഞങ്ങാട് : ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾക്കുൾപ്പെടെ മൂന്നരക്കോടി രൂപ നഷ്പ്പെട്ടു. 2,70,000 രൂപ നഷ്ടപ്പെട്ട പടന്നക്കാട്ടെ വീട്ടമ്മയുടെ പരാതിയിൽ മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോങ്ങ് റിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് സ്ഥാപനമുടമ ബിലാൽ ഗഫൂറിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. പടന്നക്കാട്ടെ ഷാഹിദയാണ് ഒാൺലൈൻ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതിയുമായി പോലീസിലെത്തിയത്. പടന്നക്കാട് പരിസരങ്ങളിലെയും, കാഞ്ഞങ്ങാടുൾപ്പെടെ കാസർകോടിന്റെ പലഭാഗത്ത് നിന്നുമുള്ള നൂറ് കണക്കിനാളുകൾ ഈ തട്ടിപ്പിൽ കുടുങ്ങി. പതിനായിരം രൂപ മുതൽ ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്ടപ്പെട്ടത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും ഒാൺലൈൻ തട്ടിപ്പ് സംഘം വൻ തുക തട്ടിയെടുത്തിട്ടുണ്ട്. 10,000 രൂപ നിക്ഷേപിച്ചാൽ ദിവസം 200 രൂപ അക്കൗണ്ടിലേക്ക് വരുന്നതാണ് പദ്ധതി. പണം നിക്ഷേപിച്ചവർക്ക് തുടക്കത്തിൽ പതിനായിരം രൂപയ്ക്ക് 200 രൂപ വെച്ച് പണം അക്കൗണ്ടിലെത്തിയതോടെ സ്ഥാപനത്തിൽ വിശ്വാസമർപ്പിച്ച് കൂടുതൽ ലാഭവിഹിതം മോഹിച്ച് നിരവധി പേർ ഒാൺലൈൻ നിക്ഷേപ കമ്പനിയിൽ വൻ തുക നിക്ഷേപിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അക്കൗണ്ടിലേക്ക് പണത്തിന്റെ വരവ് നിലച്ചതോടെയാണ് നിക്ഷേപകർ അങ്കലാപ്പിലായത്. മൂന്നരക്കോടിയോളം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ട ഷാഹിദയുൾപ്പെടെയുള്ളവർ ബിലാൽ ഗഫൂറിനെ നേരിട്ട് കണ്ടിട്ട് പോലുമില്ല. ഫോൺ വഴിയും ഒാൺലൈൻ വഴിയും മാത്രമായിരുന്നു ബന്ധം.