പാചകവാതകം വീടുകളിൽ എത്തിക്കുന്നതിനു അമിത പണം ഈടാക്കുന്നു; പരാതിയുമായി നാട്ടുകാർ
നീലേശ്വരം: പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിനു ഉപയോക്താക്കളിൽ നിന്നും പണം ഈടാക്കുന്നതായി പരാതി. നീലേശ്വരം തൈക്കടപ്പുറം മേഖലകളിലാണ് ഗ്യാസ് ഏജൻസിയുടെ പകൽക്കൊള്ള അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം നീലേശ്വർ ഗ്യാസ് ഏജൻസീസ് തീരദേശമേഖലയിൽ വിതരണം ചെയ്ത ഗാർഹിക സിലിണ്ടറുകൾക്ക് 840 രൂപ ഈടാക്കിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്.
തൈക്കടപ്പുറം ഭാഗത്ത് ഗാർഹിക ആവശ്യത്തിനുള്ള ഒരു സിലിണ്ടറിന് 814 രൂപയാണ്. 814 രൂപയ്ക്ക് വീട്ടിലെത്തിച്ച് ഗ്യാസ് കണക്ഷൻ ഫിറ്റ് ചെയ്തു കൊടുക്കണം എന്നാണ് ചട്ടമെന്നിരിക്കെ അധികമായി 26 രൂപ ഈടാക്കുന്നത് ചോദ്യം ചെയ്ത് നാട്ടുകാർ രംഗത്തെത്തി.
കേന്ദ്ര സർക്കാർ അടിക്കടി വില ഉയർത്തുന്നതിനു പുറമെ ഗ്യാസ് ഏജൻസിയുടെ പകൽക്കൊള്ള കൂടിയാവുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്.
അമിത കാശ് ഈടാക്കിയതിനെതിരെ ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.