ആര്.എസ്.എസ് നാസികളെപ്പോലെ രാമക്ഷേത്ര സംഭാവന നല്കുന്ന വീടുകള്‍ക്ക് അടയാളമിടുന്നു കുമാരസ്വാമി
ബെംഗളുരു: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുന്നവരുടേയും നല്‍കാത്തവരുടേയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്നാരോപിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജര്‍മനിയില്‍ നാസികള്‍ ചെയ്തതിന് സമാനമാണ് ആര്‍എസ്എസിന്റെ ഈ നടപടിയെന്നും കുമാരസ്വാമി ആരോപിച്ചു.എന്നാല്‍ കുമാരസ്വാമിയുടെ പരാമര്‍ശം പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നായിരുന്നു ആര്‍എസ്എസ്സിന്റെ മറുപടി.
‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവനകള്‍ നല്കുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകള്‍ ആര്.എസ്.എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ട ഹിറ്റ്ലറിന്റെ ഭരണകാലത്ത് നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമാണ് ഈ നടപടി.’-കുമാരസ്വാമി ട്വീറ്റ് ചെയ്തു.
രാജ്യത്തെ പുതിയ ഈ മാറ്റങ്ങള്‍ എവിടേക്കാണ് രാജ്യത്തെ എത്തിക്കുകയെന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നുണ്ട്.
ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയില്‍ ആര്‍എസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു. ‘നാസികളില്‍ നിന്നും കടംകൊണ്ട നയങ്ങള്‍ നടപ്പാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. രാജ്യത്ത് ജനങ്ങളുടെ കൈയില്‍ നിന്ന് അവരുടെ മൗലികാവാശങ്ങള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്.’
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുളള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവെച്ചു.