ആസാദി ഗാനം പാടി ജനത്തെ ഇളക്കിമറിച്ച സിപിഐ യുടെ മുഖമായ കനയ്യ കുമാര്‍ എന്‍.ഡി.എയിലേക്ക്, കൂടുമാറ്റം പാർട്ടി ശാസനക്ക് പിന്നാലെ
പട്ന: ബിഹാറിലും ദേശീയ തലത്തിലും ദളിത് രാഷ്ട്രീയത്തിന്റെയും ഒപ്പം കമ്യൂണിസ്റ്റ് ദര്‍ശനങ്ങളുടെയും ശബ്ദമായി രംഗത്തുളള കനയ്യ കുമാര്‍ എന്‍.ഡി.എയിലേക്കെന്ന് അഭ്യൂഹം പടർന്നു. ബിഹാര്‍ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വലംകൈയുമായ അശോക് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിറകെയാണ് അഭ്യൂഹങ്ങള്‍ കൊഴുക്കുന്നത്.
ജെ.എന്‍.യു മുന്വിദ്യാര്ഥി നേതാവായിരുന്ന കനയ്യ അടുത്തിടെ നിതീഷുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന കൂടിക്കാഴ്ച.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍-യു പ്രചാരണ തലവനായി പ്രവര്‍ത്തിച്ച ചൗധരി സംസ്ഥാനത്തെ ഏക ബി.എസ്.പി എം.എല്‍.എ സമ ഖാന്, സ്വതന്ത്ര അംഗം സുമിത് സിങ് എന്നിവരുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ പങ്കു വഹിച്ചയാളാണ്. ഇരുവരും കഴിഞ്ഞ ആഴ്ചയോടെ നിതീഷ് മന്ത്രിസഭയില്‍ അംഗങ്ങളായി. കനയ്യയെ കൂടി സഖ്യത്തിന്റെ ഭാഗമാക്കുകയാണോ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ബിഹാറില്‍ മുന്‍നിര സി.പി.ഐ നേതാവ് കൂടിയായ കനയ്യയെ അടുത്തിടെ പാര്‍ട്ടി ശാസിച്ചിരുന്നു. പട്നയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സി.പി.ഐ പ്രവര്‍ത്തകനു നേരെ കനയ്യ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ശാസന.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും കനയ്യയും പാര്‍ട്ടിയും തമ്മില്‍ ഭിന്നത തലപൊക്കിയത്? വാര്‍ത്തയായിരുന്നു. ജനകീയ പിരിവിലൂടെ സമാഹരിച്ച തുകയില്‍ ഒരു ഭാഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കണമെന്നായിരുന്നു പാര്‍ട്ടി ആവശ്യം. ബെഗുസറായ് മണ്ഡലത്തില്‍ പാര്‍ട്ടി ബാനറില്‍ മത്സരിച്ച കനയ്യ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനോട് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടു. അശോക് ചൗധരിയുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് ഇരുനേതാക്കളുടെയും പ്രതികരണം.