പുതുപ്പള്ളിക്ക് എന്തുകിട്ടി? ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ പ്രതിഷേധങ്ങള്‍ ശക്തമാക്കി കളം നിറയാന്‍ ബിജെപി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പുതുപ്പള്ളി മണ്ഡലത്തില്‍ പാതിവഴിയില്‍ നിലച്ച പദ്ധതികളുടെ പേരിലാണ് മാര്‍ച്ച്. ഉമ്മന്‍ ചാണ്ടി എംഎല്‍എ പുതുപ്പള്ളിക്ക് ബാധ്യത, 50 വര്‍ഷം ഉമ്മന്‍ ചാണ്ടി എംഎല്‍എ ആയിട്ട് പുതുപ്പള്ളിക്ക് എന്തു കിട്ടി തുടങ്ങിയ ചോദ്യങ്ങളാണ് ബിജെപി ഉയര്‍ത്തിയത്.
പുതുപ്പള്ളി ജങ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ഉമ്മന്‍ ചാണ്ടിയുടെ വീടിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. പൂര്‍ത്തിയാകാത്ത പദ്ധതികളുടെ മാതൃകകളുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ സൂചകമായി അതിന് മുകളില്‍ റീത്ത് വച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാരെ വഞ്ചിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.